മേപ്പാടി:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. പ്രകൃതിദുരന്തങ്ങൾ നിത്യസംഭവവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ഹൃദയം തകർക്കുന്നതാണെന്നും കമൽഹാസൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നവർക്ക് നന്ദിയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു
‘കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ എന്റെ ഹൃദയം തകർക്കുകയാണ്. വേണ്ടപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ആഘാതം മനസ്സിലാക്കി നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുഷ്കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാനായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈനികർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എന്റെ നന്ദി അറിയിക്കുകയാണ് ,’കമൽ ഹാസൻ പറഞ്ഞു.
മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവധി സിനിമ പ്രവർത്തകർ വയനാട്ടിലെ ഉരുൾപൊട്ടലിനെ കുറിച്ചുള്ള പോസ്റ്റുകൾ തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്തിരുന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, നടന്‍ ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടി നിഖില വിമൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇറങ്ങി പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, വയനാട്ടില്‍ രണ്ടാം ദിന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാല് സംഘങ്ങളായി 150 സൈനികര്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുത്തിട്ടുണ്ട്. സൈനികര്‍, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്നിരക്ഷാ സേന അടങ്ങുന്ന സംഘവും ഇതിലുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ മുണ്ടക്കൈയില്‍ താത്കാലിക പാലം നിര്‍മിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മാണം നടക്കുന്നത്. മുണ്ടക്കൈയില്‍ അമ്പതിലേറെ വീടുകളാണ് തകര്‍ന്നിരിക്കുന്നത്. നിരവധി ആളുകള്‍ ഇപ്പോഴും മുണ്ടക്കൈയിലും ചൂരല്‍മലയിലും കുടുങ്ങുക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതര്‍ക്കായി വയനാട്ടില്‍ എട്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാമ്പുകളിലായി ഉള്ളത്.
Content Highlight: Kamal Hassan Talk About Wayanad Land Slide