ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. പാര്‍ലമെന്‍രില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്.
പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും ഇത് ജര്‍മനിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയെ ഹിറ്റ്‌ലര്‍ എന്നായിരുന്നു കമല്‍ഹാസന്‍ പരാമര്‍ശിച്ചത്.
മോദി ഏകാധിപത്യം തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്.
‘ജനാധിപത്യത്തേയും അഭിപ്രായ സ്വാതന്ത്രത്തേയും ഞെരുക്കിക്കളയുന്നതാണ് നടപടി. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തിന്റെ ഒരു പ്രത്യേകാവകാശമാണ്. അത് അനുവദിച്ചില്ലെങ്കില്‍, നമ്മുടെ ഭരണഘടനയെ പരിഹസിക്കലാണ്. പ്രധാനമന്ത്രിയും മന്ത്രിമാരും വിമര്‍ശനങ്ങളോടും അഭിപ്രായങ്ങളോടും തുറന്ന സമീപനമല്ല സ്വീകരിക്കുന്നതെങ്കില്‍, രാജാവും മന്ത്രിമാരും വാഴ്ത്തപ്പെടുത്തുന്ന രാജവാഴ്ച്ചയിലേക്ക് ഞങ്ങള്‍ മടങ്ങുകയാണെന്നാണോ അതിനര്‍ഥം?’ -കമല്‍ ഹാസന്‍ ചോദിച്ചു.
മന്ദബുദ്ധി, അരാജകവാദി, കൊവിഡ് വാഹകന്‍, സ്വേച്ഛാധിപതി, കഴിവില്ലാത്തവന്‍, ഗുണ്ടായിസം, കാപട്യം, കരിദിനം എന്നിവയുള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്സഭ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പുതിയ ലഘുലേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാധാരണയായി ഉപയോഗിക്കാറുള്ള വാക്കുകളാണിതെന്നും, മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള അടവാണ് വാക്കുകളുടെ നിരോധനമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
തിങ്കളാഴ്ചയാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് വാക്കുകളെ നിരോധിച്ചുകൊണ്ടുള്ള ലഘുലേഖ പുറത്തിറങ്ങിയത്.
Content Highlight: Kamal hassan slam narendra modi calls him hitler