ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മക്കള്‍ നീതി മയ്യത്തിലൂടെ കന്നിയങ്കത്തിനിറങ്ങുകയാണ് കമല്‍ ഹാസന്‍. 154 സീറ്റുകളിലാണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്.
തെരഞ്ഞടുപ്പിന് മുന്നോടിയായി വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നുള്‍പ്പെടെയുള്ള കമല്‍ ഹാസന്റെ പ്രഖ്യാപനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ലഹരിമരുന്ന് ഉപയോഗത്തില്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് കമല്‍ ഹാസന്‍.
യുവാക്കളെ നശിപ്പിക്കുന്ന ലഹരി മാഫിയകളെ ഇല്ലാതാക്കുക എന്നതായിരിക്കും താന്‍ ആദ്യം ചെയ്യുക എന്നാണ് അദ്ദേഹം പറഞ്ഞത്.
” കോയമ്പത്തൂരില്‍ അനധികൃത ലഹരിമരുന്നുകളുടെ വിതരണം കൂടുതലാണെന്ന് വിവിധ പാര്‍ട്ടി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ അറിയാന്‍ കഴിഞ്ഞു. യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന ഈ കൊലപാതകികളെ ഇല്ലാതാക്കുക എന്നതായിരിക്കും ഞാന്‍ ആദ്യം ചെയ്യുക,” കമല്‍ ഹാസന്‍ പറഞ്ഞു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മുന്നണിയോടൊപ്പമാണ് ശരത് കുമാറിന്റെ സമത്വമക്കള്‍ കക്ഷിയും ഇന്ത്യന്‍ ജനനായക കക്ഷി പാര്‍ട്ടിയും മത്സരിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും 40 സീറ്റ് വീതമാണ് അനുവദിച്ചിരിക്കുന്നത്.
‘മുന്നണിയുടെ പ്രാഥമിക ലക്ഷ്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റത്തിനുള്ള വാഗ്ദാനവുമായി മത്സരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയികളാവുകയും ചെയ്യുക എന്നതാണ്,’ എന്നാണ് മൂന്ന് പാര്‍ട്ടികളും ഒപ്പിട്ട കരാറില്‍ പറയുന്നത്.
2019 ലെ തെരഞ്ഞെടുപ്പില്‍ കമലിന്റെ പാര്‍ട്ടി 4 ശതമാനം വോട്ടായിരുന്നു നേടിയത്. നഗരപരിധിയില്‍ പലയിടങ്ങളിലും 10 ശതമാനം വോട്ട് വരെ പാര്‍ട്ടി നേടിയിരുന്നു.