| Thursday, 6th October 2022, 2:40 pm

ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന പദമില്ലായിരുന്നു, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വാക്ക് മാത്രമാണത്; കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജരാജ ചോളനെ ഹിന്ദുദൈവമാക്കിയെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ മണിരത്നം രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ ഹാസന്റെ പ്രതികരണം.

രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതമില്ലായിരുന്നുവെന്നാണ് കമല്‍ഹാസന്റെ പ്രസ്താവന. രാജരാജ ചോളന്‍ ഹിന്ദു ദൈവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന വാക്ക് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം എന്ന വാക്ക് ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമാനം എന്നിവ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ് അന്ന് ഹിന്ദു എന്ന പദം കൊണ്ടുവന്നതു തന്നെ. അത് ഇന്ത്യക്കാരെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയാതിരുന്നതുകൊണ്ട് അവര്‍ കൊണ്ടുവന്നതാണ്. തൂത്തുക്കുടിയെ അവര്‍ ടൂട്ടിക്കോറിന്‍ എന്ന് മാറ്റി വിളിച്ചത് പോലെയാണിതും,’ കമല്‍ ഹാസന്‍ പറഞ്ഞു.

ആ കാലഘട്ടത്തില്‍ മറ്റ് നിരവധി മതങ്ങള്‍ ഉണ്ടായിരുന്നുവെന്നും എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ ‘ഷണ്‍മദ സ്തംഭം’ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ പെരുപ്പിച്ചു കാണിക്കുകയോ വളച്ചൊടിക്കുകയോ ഭാഷാ പ്രശ്നങ്ങള്‍ ഇതിലേക്ക് കൊണ്ടുവരുകയോ ചെയ്യരുതെന്നും ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫിക്ഷന്‍ ആഘോഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്മീറ്റിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തമിഴ് ചരിത്രത്തിന്റെ യഥാര്‍ത്ഥ അസ്തിത്വം ഇല്ലാതാക്കി അതിനെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വെച്ച് വെട്രിമാരന്‍ പറഞ്ഞിരുന്നു. എം.പിയും വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) നേതാവുമായ തോല്‍.തിരുമാവളവന്റെ ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നിയിന്‍ സെല്‍വനില്‍ മണിരത്നം രാജ രാജ ചോളനെ ഹിന്ദു രാജാവായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനവും അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു. രാഷ്രീയ അറിവ് പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി സിനിമയെ രൂപപ്പെടുത്തണമെന്നും വെട്രിമാരന്‍ പറഞ്ഞിരുന്നു.

‘കല ജനങ്ങള്‍ക്കുള്ളതാണ്, ജനങ്ങളെ പ്രതിഫലിപ്പിക്കുന്നത് കലയാണ്. നമ്മള്‍ ഈ കലാരൂപം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണം. ഇതിനകം തന്നെ നമ്മുടെ പല ഐഡന്റിറ്റികളും മായ്ക്കപ്പെടുകയാണ്.

തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സിനിമയിലും ഇത് സംഭവിക്കും. സിനിമയില്‍ നിന്ന് പല സ്വത്വങ്ങളും ഇതിനകം നീക്കം ചെയ്യപ്പെട്ടു. നാം നമ്മുടെ സ്വത്വങ്ങളെ സംരക്ഷിക്കണം,’ വെട്രിമാരന്‍ പറഞ്ഞു.

ചോള രാജ വംശത്തിന്റെ രാജാവായ രാജരാജ ചോള(അരുള്‍ മൊഴി വര്‍മന്‍)നെ ആസ്പദമാക്കിയുള്ള കല്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

Content Highlight: Kamal hassan says the term hindu was not there while the reign of raja cholan, it was coined by britishers

We use cookies to give you the best possible experience. Learn more