| Thursday, 11th July 2024, 7:50 am

അന്ന് നെടുമുടി വേണു ഒരു കാര്യം പറഞ്ഞു, ഈ നിമിഷം ഏറ്റവും മിസ്‌ ചെയ്യുന്നതും അദ്ദേഹത്തെ: കമൽ ഹാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചതും വാർത്തയായിരുന്നു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ വന്നപ്പോൾ നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുകയാണ് കമൽ ഹാസൻ. താൻ ഈ നിമിഷം നെടുമുടി വേണുവിനെ മിസ്‌ ചെയ്യുന്നുണ്ടെന്നും പടത്തിന്റെ വിജയാഘോഷത്തിന് നമ്മൾ കാണുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും കമൽ പറയുന്നു. സിനിമയിൽ അദ്ദേഹത്തെ കാണുമ്പോഴുള്ള തന്റെ ഇമോഷൻസ് പ്രേക്ഷകർക്കും കിട്ടുമെന്നും കമൽ കൂട്ടിച്ചേർത്തു.

‘ഞാൻ ഈ അവസരത്തിൽ നെടുമുടി വേണുവിനെ മിസ്‌ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഈ സിനിമയുടെ സമയത്ത് അദ്ദേഹം മിക്കവാറും സുഖമില്ലാതെ കിടക്കുകയായിരുന്നു. ഈ സിനിമ എനിക്ക് മിസ്‌ ആവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമ്മൾ പടത്തിന്റെ വിജയം ആഘോഷിക്കുമ്പോൾ അവിടെ വെച്ച് കാണമെന്നായിരുന്നു ഞാൻ പറഞ്ഞത്.

ഇപ്പോഴും ഞാൻ കാണുന്നുണ്ട്. എന്റെ മനസിൽ അദ്ദേഹം നമ്മളോടൊപ്പം ഉള്ള പോലെ തോന്നുന്നുണ്ട്. സിനിമയിലെ അദ്ദേഹത്തിന്റെ സീൻ അത്ര മൂവിങ് ഉള്ളതല്ല. പടം കാണുമ്പോൾ അങ്ങനെ തോന്നില്ല. പക്ഷെ എനിക്ക് അങ്ങനെ ഉണ്ടായിരുന്നു. സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് എനിക്ക് അദ്ദേഹം അവിടെ ഉള്ളത് പോലെ തന്നെ തോന്നി.

അതേ ഇമോഷൻസ് നിങ്ങൾക്കും ഉണ്ടാവും. കാരണം ഞാൻ എപ്പോഴും പറയാറുണ്ട്. മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാൾ നെടുമുടി വേണുവാണ്,’കമൽ ഹാസൻ പറയുന്നു.

Content Highlight: Kamal hassan Says He Miss Nedumudi Venu

We use cookies to give you the best possible experience. Learn more