ചെന്നൈ: തമിഴ് താരം കമല്‍ഹാസനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. കമല്‍ഹാസന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും ചികിത്സ വേണമെന്നുമായിരുന്നു ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ പ്രതികരണം. നേരത്തെ രാജ്യത്തെ ഹിന്ദു വലതു പക്ഷം തീവ്രവാദം കൊണ്ടു നടക്കുന്നുവെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.
കമലഹാസന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും ആശുപത്രിയില്‍ പോയി ചികിത്സ തേടണമെന്നും പറഞ്ഞ ബി.ജെ.പി നേതാവ് ഇത്തരം അപകീര്‍ത്തികരമായ രാഷ്ട്രീയം നല്ലതല്ലെന്നും കമല്‍ഹാസന്‍ പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും പറഞ്ഞു. താരത്തിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.
വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും കമല്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞു.
ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു ജാതിയുടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തിന് താല്‍ക്കാലിക ആയുസ് മാത്രമെയൊള്ളൂവെന്നും കമല്‍ മറുപടി പറഞ്ഞു.
അതേ സമയം ഹിന്ദുത്വ തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കായിട്ടുണ്ടെന്നും താരം പറഞ്ഞു.
Also Read: പുനത്തിലിന് വയലാര്‍ അവാര്‍ഡ് ലഭിക്കാതിരുന്നത് മുസ്‌ലിം ആയത് കൊണ്ട് : വി.ആര്‍ സുധീഷ്
സത്യമേവ ജയതേ എന്ന ആപ്തവാക്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും കൈയൂക്കാണ് ശരിയെന്നാണ് അത്തരക്കാരുടെ വിശ്വാസമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും കമല്‍ പറഞ്ഞു.
നേരത്തെ മെരസല്‍ സിനിമ വിവാദത്തിനിടെ വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്കെതിരായ സംഭാഷണം സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും ബി.ജെ.പി നേതാവ് എച്ച്. രാജ പറഞ്ഞിരുന്നു. ഇതിനുള്ള വിമര്‍ശനം കൂടിയാണ് കമലിന്റെ മറുപടി.
സാമൂഹിക നീതിയില്‍ തമിഴ്നാട് മാതൃകയാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.