| Saturday, 4th November 2017, 6:37 pm

വെള്ളപ്പൊക്ക ദുരിതത്തിലും ഇടപെട്ട് കമല്‍ഹാസന്‍; ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച് ഉലകനായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് കോപ്പു കൂട്ടുന്ന തമിഴ് നടന്‍ കമല്‍ഹാസന്റെ വലതു പക്ഷ തീവ്രവാദത്തെ കുറിച്ചുള്ള പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇപ്പോഴിതാ ചെന്നൈയെ ദുരിതിലാക്കി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ദുരിതത്തിലും ഇടപെട്ടിരിക്കുകയാണ് ഉലകനായകന്‍. ദുരിതത്തില്‍ വലഞ്ഞ ജനത്തെ സഹായിക്കുന്ന പൊലീസിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു കമല്‍ഹസന്‍ രംഗത്തെത്തിയത്.

നല്ല പൗരന്മാര്‍ യൂണിഫോം ധരിച്ചും ധരിക്കാതേയും തിളങ്ങുമെന്നായിരുന്നു കമല്‍ഹസന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമല്ലാതിരുന്നിട്ടും ജനങ്ങളെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. തെരുവില്‍ വെള്ളപ്പൊക്കം വിതച്ച ദുരിതത്തില്‍ നിന്നും നാടിനേയും ജനങ്ങളേയും കരകയറ്റാന്‍ ശ്രമിക്കുന്ന പൊലീസുകാരുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സമാന മനസുള്ള കൂടുതല്‍ തമിഴര്‍ സേവനത്തിന് മുന്നിട്ടെറങ്ങണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ ആരാധരോടും പിന്തുണക്കുന്നവരോടും വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് വേണ്ട സഹായം ചെയ്യാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, സര്‍ക്കാര്‍ ജോലികളെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


Also Read: ‘നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്’; ഗെയില്‍ പൈപ്പ് ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം


കഴിഞ്ഞ ആഴ്ച്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ പല ഭാഗത്തും ഇന്നും വെളളം കെട്ടി നില്‍ക്കുകയാണ്. ദുരിത നിവാരണത്തിനായി പൊലീസ് സേനയും മറ്റ് സേനകളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട.

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ സംസാരിച്ച നടന്‍ കമന്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ നേരത്തെ പറഞ്ഞിരുന്നു. ഈ വിശുദ്ധ ഭൂമിയില്‍ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്നവരാരും ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ഹിന്ദുമഹാസഭാ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ്മ പറഞ്ഞു.

” കമല്‍ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. അപ്പോള്‍ മാത്രമേ അവര്‍ പഠിക്കൂ.”

കമല്‍ഹാസന്റെ സിനിമകളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭയുടെ മറ്റൊരു നേതാവും രംഗത്തെത്തി. അതേ സമയം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.

We use cookies to give you the best possible experience. Learn more