ചെന്നൈ: തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്.
ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നാണ് കമല്‍ ട്വിറ്ററില്‍ എഴുതിയത്.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റിട്ടുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 54 വോട്ട് നേടിയാണ് ആര്യാ രാജേന്ദ്രന്‍ മേയറായത്. ബി.ജെ.പിക്ക് 39 വോട്ടുണ്ട്. 9 പേരാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. യു.ഡി.എഫിന്റെ ഒരംഗം വോട്ടെടുപ്പിന് ഹാജരായിരുന്നില്ല.
ആര്യയെ അഭിനന്ദിച്ച് സിനിമാ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.
ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
നഗരത്തില്‍ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.
പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നതെന്ന് ആര്യ പറഞ്ഞിരുന്നു.
ബി.എസ്.സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും, സി.പി.ഐ.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്.