ചെന്നൈ: രാഷ്ട്രീയ നിലപാടുകളില്‍ മലക്കംമറിഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്കിറങ്ങുകയാണന്ന് വ്യക്തമാക്കിയതിന് പിന്നാലെ തന്റെ നിറം കാവിയല്ലെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ലെന്നാണ് ഒടുവില്‍ പറഞ്ഞിരിക്കുന്നത്.
Also Read: ‘ഇന്ത്യ എങ്ങോട്ട്’ : കേളി ബത്ഹ ഏരിയ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കിയത് മുതല്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെയാണ് കമലിന്റെ ഓരോപ്രഖ്യാപനങ്ങളും. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും കൈകോര്‍ക്കാനില്ലെന്നും പുതിയപാര്‍ട്ടിയുമായാകും രംഗപ്രവേശനമെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ഏത് മുന്നണിയുമായി ബന്ധപ്പെടുമെന്നതും ഏത് തരത്തിലുള്ള നിലപാടുകളാകും തങ്ങള്‍ സ്വീകരിക്കുകയെന്നതും കമല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനകള്‍ നല്‍കവേ ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന നിലപാടുകളും പ്രസ്താവനകളുമായിരുന്നു കമല്‍ നടത്തിയത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ താരം കേരളാ മുഖ്യമന്ത്രിയെ പുകഴ്ത്തിയും രംഗത്തെത്തിയിരുന്നു.
ഈ മാസം ആദ്യമായിരുന്നു കമല്‍ പിണറായിയെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനു പിന്നാലെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയാണ് സന്ദര്‍ശനമെന്ന് വ്യക്തമാക്കിയ കമല്‍ തന്റെ നിറം ഒരിക്കലും കാവിയല്ലെന്ന പ്രഖ്യാപനവും നടത്തി. തന്റെ സിനിമാ ചരിത്രത്തില്‍ നിന്നു രാഷ്ട്രീയ നിറം വ്യക്തമാണെന്നും താരം പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിയുടേത് ഗ്രേറ്റ് സര്‍ക്കാരാണെന്ന് അഭിപ്രായപ്പെട്ട താരം ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ക്ഷമയോടെ കാത്തിരിക്കൂ എന്ന മറുപടിയാണ് നല്‍കിയിരുന്നത്. പിന്നീട് പുതിയ രാഷ്ട്രീയപാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ താരം സ്വതന്ത്ര നിലപാടാകും മുന്നോട്ട് വയ്ക്കുകയെന്നും പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഒപ്പം ചേരുമെന്ന പ്രഖ്യാപനവും കമല്‍ നടത്തുകയുണ്ടായി. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു താരം പറഞ്ഞത്.
പിന്നീട് ദല്‍ഹി മുഖ്യന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയം കാവിയല്ലെന്ന പ്രസ്താവനയ്ക്ക് വിശ്വാസിത നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിലപാടുകള്‍ പാടേമാറിയ വ്യക്തിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ല മധ്യപക്ഷത്താണെന്നു പറഞ്ഞ കമല്‍ മോദിസര്‍ക്കാരിനെ മതിയാവോളം പുകഴ്ത്തുകയായിരുന്നു.
നോട്ട് നിരോധനവും സ്വച്ഛഭാരതും നല്ല ആശയങ്ങളാണെന്നും മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ അഭിമുഖത്തില്‍ തുറന്നു പറയുകയുണ്ടായി. താന്‍ ഇടതുപക്ഷത്താണ് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം മുന്‍നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചു.
തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല എന്ന് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ധരിച്ചിരുന്ന കറുത്ത ഷര്‍ട്ട് ചൂണ്ടിക്കാട്ടി ഇതില്‍ കാവി ഉള്‍പ്പെടെ എല്ലാ നിറങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തമിഴ് ജനതയ്ക്ക് വേണ്ടിയുള്ള ഏത് ആശയവുമായും കൈകോര്‍ക്കുമെന്നും ഈ രാജ്യത്തുള്ള ഏതാശയവുമായും നമുക്ക് യോജിച്ച് നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം നിലപാടുകളെക്കുറിച്ച് പറഞ്ഞു. ബി.ജെ.പിയുമായും കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്ന സൂചനകളായിരുന്നു താരത്തിന്റെ വാക്കുകളില്‍ മുഴങ്ങിയിരുന്നത്.
സാമ്പത്തിക വിദഗ്ധരുള്‍പ്പെടെ എന്‍.ഡി.എ കക്ഷികളും നോട്ട് നിരോധനം പരാജയമെന്ന് പറയുമ്പോള്‍ നോട്ട് നിരോധനത്തെ പിന്തുണക്കുകയായിരുന്നു കമല്‍ ഹാസന്‍. എന്നാല്‍ ഇവിടെ നിന്ന് ന്യൂസ് 18 ചാനലിന്റെ അഭിമുഖത്തിലെത്തിയപ്പോള്‍ കമലിന്റെ രാഷ്ട്രീയ നിലപാടുകള്‍ വീണ്ടും മാറി.
രജനീയുമൊത്ത് കൈകോര്‍ക്കുമെന്ന് പറഞ്ഞ താരം രജനിയുടേതും തന്റെയും വ്യത്യസ്ത രീതിയാണെന്നും അഭിപ്രായപ്പെട്ടു.
“രജനികാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണ്. ഞാന്‍ ജാതീയതയ്ക്കെതിരെയാണ്. എന്നാല്‍ ഞാന്‍ കമ്മ്യൂണിസ്റ്റല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണ്.” എന്നായിരുന്നു കമലിന്റെ പ്രതികരണം.
“തമിഴ്നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താന്‍ സഖ്യം രൂപീകരിക്കുക. അത് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവും. എ.ഐ.എ.ഡി.എം.കെയുടേയും ഡി.എം.കെയുടേയും അഴിമതികള്‍ക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും” കമല്‍ ഹാസന്‍ പറഞ്ഞു.
എന്നാല്‍ ഏറ്റവുമൊടുവിലായി ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിലെത്തിയപ്പോള്‍ ബി.ജെ.പിയുമായും കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ലെന്നും ആവശ്യമെങ്കില്‍ ബി.ജെ.പിയുമായും കൈകോര്‍ക്കുമെന്നും താരം അരുണ്‍ റാമുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
തമിഴ് ജനതയ്ക്കുവേണ്ടി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തിയ താരം ഏത് ആശയവുമായി കൈകോര്‍ക്കണമെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്നു വ്യക്തമാകുന്നത്. ജനതയുടെ ക്ഷേമത്തിനായി അധികാരത്തിലെത്തുമെന്ന വാക്കില്‍ മാത്രമാണ് കമല്‍ ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നതും.