ചെന്നൈ: കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ഒഡിഷയിലെ ഭരണകക്ഷിയായ ബി.ജെ.ഡിയും സഖ്യത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കവെ, അതിനെ ബലപ്പെടുത്തിക്കൊണ്ട് അടുത്ത വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. കമല്‍ ഹാസന് ഒഡിഷയിലെ സെഞ്ചൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കമല്‍ ഹാസന് ഹോണററി ഡോക്ടറേറ്റ് നല്‍കി.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തി 24 മണിക്കൂറിനുള്ളിലാണ് ഈ വാര്‍ത്തയും പുറത്തുവന്നത്.
പട്‌നായിക്ക് പങ്കെടുത്ത ചടങ്ങില്‍വെച്ചായിരുന്നു കമല്‍ ഹാസന് ഡോക്ടറേറ്റ് നല്‍കിയത്. കഴിഞ്ഞ 60 വര്‍ഷമായി സിനിമയ്ക്കും കലയ്ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ്.
ചൊവ്വാഴ്ചയാണ് കമല്‍ ഹാസന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചത്. ഭുവനേശ്വറിലെത്തിയായിരുന്നു സന്ദര്‍ശനം. പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന കമല്‍ ഹാസന്റെ ഈ സന്ദര്‍ശനവും ഇതിനു പുറമേ ഡോക്ടറേറ്റ് നല്‍കിയതും ഇരുകക്ഷികളും തമ്മിലുള്ള സഖ്യത്തിന്റെ സൂചനയാണെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നു.
ബി.ജെ.പിയുമായുള്ള ബന്ധം ബിജു ജനതാദള്‍ അവസാനിപ്പിച്ചിരുന്നു. അതേ സമയം യു.പി.എയ്‌ക്കൊപ്പം ചേര്‍ന്നിട്ടുമില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.ഡി ഒറ്റയ്ക്ക് വിജയിച്ചിരുന്നു. അഞ്ചാം തവണയും മുഖ്യമന്ത്രിയായ പട്നായിക്കിന് മികച്ച പ്രതിച്ഛായയാണുള്ളത്. അദ്ദേഹത്തെപ്പോലെ ഒരു മുന്നണിയിലും ഭാഗമല്ലാത്ത കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കമല്‍ ഹാസന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണോ ഈ സന്ദര്‍ശനമെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതിനിടെ വേണ്ടിവന്നാല്‍ കമല്‍ ഹാസനുമായി സഖ്യത്തിലെത്തുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ വികസനത്തിനു വേണ്ടി അങ്ങനെയൊരു ആവശ്യം വന്നാല്‍ ഉറപ്പായും സഖ്യമുണ്ടാകുമെന്നാണ് രജനീകാന്ത് ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്.