|

അഭിനയത്തിൽ മോഹൻലാലിൻറെ റിഥം എത്ര ഉന്നതിയിലാണെന്ന് മനസിലാക്കാൻ ആ സിനിമ മാത്രം മതി: കമൽ ഹാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍  ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കമൽ ഹാസനൊപ്പം ഉന്നൈപ്പോൽ ഒരുവൻ എന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ വലിയ വിജയമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ കമൽ ഹാസനായിരുന്നു നായകൻ.

മോഹൻലാൽ അഭിനയിക്കാൻ അറിയാത്ത ആളാണെന്നും അദ്ദേഹത്തിന് ബിഹേവ് ചെയ്യാൻ മാത്രമേ അറിയുള്ളൂവെന്നും കമൽ ഹാസൻ പറയുന്നു. മോഹൻലാലിൻറെ അഭിനയത്തിന് വല്ലാത്തൊരു ഒഴുക്കുണ്ടെന്നും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായി താൻ തെരഞ്ഞെടുക്കുക മോഹൻലാലിനെ ആയിരിക്കുമെന്നും കമൽ ഹാസൻ പറയുന്നു. വാനപ്രസ്ഥം എന്ന ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനത്തെ കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉന്നൈപ്പോൽ ഒരുവനിലാണ് ഞാനും ലാൽ സാറും ഒന്നിക്കുന്നത് ആ സിനിമയിൽ ഞങ്ങളുടെ കോമ്പിനേഷൻ സീൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻ്റെ അനുഭവത്തിൽ മോഹൻലാൽ അഭിനയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയു. നമ്മൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്നു കരുതുക. വിശേഷങ്ങൾ പരസ്‌പരം ചോദിച്ചറിയും.

അതുപോലെയാണ് ലാൽസാറിൻ്റെ അഭിനയം. വല്ലാത്തൊരു ഒഴുക്ക്, താളം. അതാണ് ആ നടന മഹിമ. ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മോഹൻലാലായിരിക്കും. ലാൽ സാറിൻ്റെ കഴിവിനെ കുറിച്ചു പറയാൻ ഒന്നിച്ചഭിനയിച്ച അനുഭവം പറയേണ്ടതില്ല.

ഞാനദ്ദേഹത്തിൻ്റെ എത്രയോ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലെയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എന്നിലെ ആസ്വാദകനെ അമ്പരപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരനുഭവമാണ് ‘വാനപ്രസ്ഥ’ത്തിലെ കഥകളി നടൻ. അഭിനയത്തിൽ ലാൽസാറിൻ്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാൻ ആ സിനിമ മാത്രം മതി. വിരലുകളിൽ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്,’കമൽ ഹാസൻ പറയുന്നു.

Content Highlight: Kamal Hassan About Mohanlal’s acting

Latest Stories