ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല.
മലയാളികളുടെ പ്രിയനടൻ ജയനെ കുറിച്ച് സംസാരിക്കുകയാണ് കമൽ. എല്ലാകാലത്തും യുവതലമുറയുടെ പ്രതിനിധിയായിരുന്നു ജയനെന്നും തലമുറകളുടെ താരമായി ജീവിക്കാതെ ജീവിക്കുന്ന ഒരു നടൻ ജയൻ മാത്രമാണെന്നും കമൽ ഹാസൻ പറയുന്നു. പല കഥാപാത്രങ്ങളും ജയൻ അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെട്ട ദിവസം ഒരിക്കലും മറക്കില്ലെന്നും കമൽഹാസൻ പറഞ്ഞു.
‘ജരാനരകൾ ബാധിച്ച ഒരു ജയനെ ക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല, എല്ലാകാലത്തും യുവതലമുറയുടെ പ്രതിനിധിയായിരുന്നു ജയൻ. തലമുറകളുടെ താരമായി ജീവിക്കാതെ ജീവിക്കുന്ന ഒരു നടൻ മാത്രമെ നമുക്കുണ്ടായിട്ടുള്ളു. അത് ജയനാണ്. പലപ്പോഴും എന്റെ സിനിമാനിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ജയനെക്കുറിച്ചുള്ള ഓർമകൾ കടന്നുവരാറുണ്ട്.
ഈ കഥാപാത്രത്തെ ജയൻ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വെറുതെ ഞാൻ ആഗ്രഹിച്ചുപോകാറുമുണ്ട്. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽത്തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവതയാണ്.
ജയനെ ആദ്യം കണ്ട നിമിഷം ഇന്നും എന്റെ ഓർമയിലുണ്ട്. തിരുവനന്തപുരത്ത് ‘അഗ്നിപുഷ്പ’ത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു അത്. അന്നു ഞാൻ താമസിച്ചിരുന്ന താര ഹോട്ടലിൽവെച്ച് ജയഭാരതിയാണ് ജയനെ പരിചയപ്പെടുത്തി തന്നത്. നല്ല മസിലൊക്കെയുള്ള ആ കരുത്തൻ, നിറഞ്ഞ പുഞ്ചിരിയോടെ ഹസ്‌തദാനം ചെയ്‌തത് മറക്കാനാവില്ല.
ആരും എന്നോട് പറയാതെ തന്നെ ഞാൻ മനസിൽ ഉറപ്പിച്ചു, കഴിയാവുന്ന സഹായങ്ങൾ ജയന് ചെയ്‌തു കൊടുക്കണം. എന്നാൽ സഹായങ്ങളൊന്നും ജയന് ചെയ്‌തുകൊടുക്കേണ്ടി വന്നില്ല. അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു,’കമൽഹാസൻ പറയുന്നു.
Content Highlight: Kamal Hassan about Jayan