Advertisement
മലയാളത്തിൽ ആ സംവിധായകന്റെ ആഘോഷിക്കപ്പെട്ട ഒരു സിനിമയിലും അഭിനയിക്കാൻ കഴിയാത്തത് എന്റെ നിർഭാഗ്യമാണ്: കമൽ ഹാസൻ
Entertainment
മലയാളത്തിൽ ആ സംവിധായകന്റെ ആഘോഷിക്കപ്പെട്ട ഒരു സിനിമയിലും അഭിനയിക്കാൻ കഴിയാത്തത് എന്റെ നിർഭാഗ്യമാണ്: കമൽ ഹാസൻ

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല.

64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ സിനിമകൾ ചെയ്തിട്ടുള്ള അദ്ദേഹം സംവിധായകൻ ഐ.വി ശശിയെ കുറിച്ച് സംസാരിക്കുകയാണ്.

ആനന്ദം പരമാനന്ദം, ഈറ്റ തുടങ്ങിയ ഐ.വി ശശി സിനിമകളിൽ കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ഒരു ഐ.വി ശശി സിനിമയിൽ അഭിനയിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനുകാരണം തന്റെ തിരക്കായിരുന്നുവെന്നും കമൽ പറയുന്നു. വ്യക്തിപരമായ കാര്യങ്ങളെല്ലാം തുറന്ന് പറയുന്ന അടുത്ത സുഹൃത്തായിരുന്നു ഐ.വി ശശിയെന്നും ഇപ്പോഴും ആത്മവിശ്വാസമുള്ള ഒരാളായിരുന്നു അദ്ദേഹമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

 വലിയ രീതിയിൽ ആഘോഷിക്കുകയും ചർച്ചചെയ്യുകയും ചെയ്‌ത ഐ.വി.ശശിയുടെ ചിത്രങ്ങളിലൊന്നും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കില്ലാതെപോയി
– കമൽ ഹാസൻ

‘വിരലിലെണ്ണാവുന്ന ശശിയുടെ സിനിമകളിലേ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞുള്ളൂ എന്നതിൽ ചെറിയൊരു വിഷമമുണ്ട്. യഥാർത്ഥത്തിൽ വലിയ രീതിയിൽ ആഘോഷിക്കുകയും ചർച്ചചെയ്യുകയും ചെയ്‌ത ഐ.വി.ശശിയുടെ ചിത്രങ്ങളിലൊന്നും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കില്ലാതെപോയി. അതിന്റെ കാരണം ശശിയായിരുന്നില്ല. സിനിമയിലെ എന്റെ തിരക്കുതന്നെയായിരുന്നു.

സിനിമയ്ക്കപ്പുറം വ്യക്തിപരമായ കാര്യങ്ങളെല്ലാം എന്നോട് തുറന്നുസംസാരിച്ച സുഹൃത്തായിരുന്നു ശശി. സംവിധായകനെന്ന നിലയിലുള്ള വളർച്ചയും സീമയുമായുള്ള പ്രണയവും വിവാഹവും കുടുംബ ജീവിതവും തുടങ്ങി സിനിമയിൽ തകർന്നുപോയ തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ ശശി പലപ്പോഴും സംസാരിച്ചു, നേരിട്ടും ഫോണിലൂടെയും.

അപ്പോഴെല്ലാം ആത്മവിശ്വാസം കൈവിടാത്ത ഒരു മനുഷ്യൻ ശശിയിലുണ്ടായിരുന്നു. കനത്ത പരാജയങ്ങൾക്കൊടുവിൽ, ആൾക്കൂട്ടത്തിനുമുന്നിൽ വിജയത്തിൻ്റെ കൊടി വീണ്ടും പാറിക്കണമെന്ന് ശശിക്ക് വാശിയായിരുന്നു. വലിയ സ്വപ്നങ്ങൾ ശശി നെയ്‌തുതുടങ്ങി. പക്ഷേ, രോഗം ശശിയെ തളർത്തിക്കൊണ്ടിരുന്നു.

ആ ഘട്ടത്തിലാണ് കോഴിക്കോട് ശശിയെ ആദരിക്കുന്നത്. “കമൽ വരണം”, എന്നുമാത്രം ഫോണിൽ പറഞ്ഞു. “വന്നിരിക്കും”, എന്ന് ഞാനും.

മറ്റെല്ലാതിരക്കുകളും മാറ്റിവെച്ച് ആ ഉത്സവാദരചടങ്ങിലേക്ക് ഞാൻ എത്തിയപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ശശി പറഞ്ഞു, “ഞാൻ ശരിക്കും വിഷമിച്ചു… കമൽ വന്നില്ലെങ്കിലോ…” പരിപാടിയിൽ എന്നിലെ താരസാന്നിധ്യമില്ലാതെ വരുന്നതിലായിരുന്നില്ല ശശി വിഷമിച്ചത്. മറിച്ച്, സിനിമയിൽ പിച്ചവയ്ക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവൻ ഈ ആദര സന്ധ്യയിൽ ഇല്ലാതെ പോകരുതെന്ന് ആ മനസ് ഒരുപാട് ആഗ്രഹിച്ചുകാണണം,’കമൽ ഹസൻ പറയുന്നു.

 

Content Highlight: Kamal Hassan About Director I.V.Sasi And His Movies