മലയാളത്തിലെ ഏറ്റവും സീനിയർ നടനാണ് മധു. സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂർവം അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. പ്രേം നസീർ, സത്യൻ, ജയൻ തുടങ്ങിയ താരങ്ങൾക്കൊപ്പം എഴുപതുകളിൽ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പവും മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഓളവും തീരവും, ചെമ്മീൻ, ഭാർഗവീനിലയം എന്നിങ്ങനെ മലയാളത്തിലെ ക്ലാസിക് സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും മധു ഭാഗമായിട്ടുണ്ട്. മധുവിനെ കുറിച്ച് സംസാരിക്കുകയാണ് ഉലകനായകനെന്ന് ആരാധകർ വിളിക്കുന്ന കമൽ ഹാസൻ. മധു സിനിമയിലേക്ക് കടന്നുവന്ന അതേസമയത്ത് തന്നെ ബാലതാരമായി താൻ സിനിമയിലേക്ക് വന്നിട്ടുണ്ടെന്നും എന്നാൽ അന്ന് അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചില്ലെന്നും കമൽ പറയുന്നു.
അപൂർവമായിട്ടേ ഒന്നിച്ച് സിനിമകൾ ചെയ്തിട്ടുള്ളൂവെങ്കിലും മധുവിന്റെ മനസിൽ തനിക്കൊരു പ്രത്യേക സ്ഥാനമുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം കഴിഞ്ഞ് മലയാള സിനിമയിലേക്ക് മധു സാർ കടന്നുവന്ന അതേ കാലത്തുതന്നെയാണ് കെ.എസ്. സേതുമാധവൻ സാറിൻ്റെ ‘കണ്ണും കരളും’ എന്ന സിനിമയിൽ സത്യൻ സാറിൻ്റെ മകനായി ഞാനും മലയാള സിനിമയിലെത്തുന്നത്.
പക്ഷേ, ആ കാലത്തൊന്നും മധുസാറിനെ പരിചയപ്പെടാനോ ഒന്നിച്ചഭിനയിക്കാനോ ഒരവസരമുണ്ടായില്ല. അങ്ങനെ ഒരുമിക്കാൻ അധികം അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചില്ലെങ്കിലും പരിചയപ്പെട്ടകാലം മുതൽ നിറഞ്ഞ സ്നേഹമായി അദ്ദേഹം എനിക്ക് മുന്നിലുണ്ട്. ഞങ്ങൾക്കിടയിലുള്ള കൂടിക്കാഴ്ചകൾ പോലെ ഒന്നിച്ചുള്ള സിനിമകളും വളരെ അപൂർവമായിരുന്നു. എന്നിട്ടും, മധുസാറിൻ്റെ വലിയ മനസിൽ എനിക്കൊരു സ്ഥാനം ലഭിച്ചത് മഹാഭാഗ്യമായി മാത്രമേ കാണാനാവൂ,’കമൽ ഹാസൻ പറയുന്നു.
ഇന്ത്യൻ ടു ആയിരുന്നു അവസാനമിറങ്ങിയ കമൽ ചിത്രം. ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റിന്റെ രണ്ടാംഭാഗമായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. നായകൻ എന്ന ക്ലാസിക് ചിത്രത്തിന് ശേഷം മണിരത്നവും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ഉലകനായകന്റെ സിനിമ.
Content Highlight: Kamal Hassan About Actor Madhu