മലയാളത്തിലെ ഏറ്റവും സീനിയർ നടനാണ് മധു. സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂർവം അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം.
പ്രേം നസീർ, സത്യൻ, ജയൻ തുടങ്ങിയ താരങ്ങൾക്കൊപ്പം എഴുപതുകളിൽ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പവും മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഓളവും തീരവും, ചെമ്മീൻ, ഭാർഗവീനിലയം എന്നിങ്ങനെ മലയാളത്തിലെ ക്ലാസിക് സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും മധു ഭാഗമായിട്ടുണ്ട്. മധുവിനെ കുറിച്ച് സംസാരിക്കുകയാണ് കമൽഹാസൻ. വലിയ എഴുത്തുകാരുടെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മധുവെന്നും ഈറ്റ എന്ന സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കമൽ ഹാസൻ പറയുന്നു. ഇന്ത്യൻസിനിമയുടെ നൂറാം പിറന്നാൾ ചെന്നൈയിൽ ആഘോഷിച്ച സമയത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം താൻ അദ്ദേഹത്തെ ആദരിച്ചിരുന്നുവെന്നും അത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.
‘ഞാൻ ആരാധനയോടെ നോക്കിക്കാണുകയും, ഏറെ ഇഷ്ടത്തോടെ വായിക്കുകയും ചെയ്‌ത മലയാളത്തിലെ വലിയ എഴുത്തുകാരുടെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മധു സാർ എന്നകാര്യം എല്ലാവർക്കും അറിയാം. ഏതൊരു നടനും കൊതിച്ചുപോകുന്ന വേഷങ്ങൾ. മധുസാറിലെ നടനെ എന്നും ഓർമിക്കുന്ന കഥാപാത്രങ്ങളാണ് അതെല്ലാം.
ഐ.വി. ശശിയുടെ ‘ഈറ്റ’യിൽ സാറിനൊപ്പം അഭിനയിച്ചത് മറക്കാനാവില്ല. മധുസാർ ഉൾപ്പെടെ ഒട്ടേറെ നായകന്മാർ മലയാളത്തിലുള്ളപ്പോഴായിരുന്നു ആ ചിത്രത്തിൽ നായക തുല്യമായ വേഷത്തിൽ എനിക്കഭിനയിക്കാൻ കഴിഞ്ഞത്. മധു സാർ സംവിധാനം ചെയ്ത മാന്യശ്രീ വിശ്വാമിത്രനിൽ ഒരു ഗാനരംഗത്ത് അദ്ദേഹത്തിന് വേണ്ടി കൊറിയോഗ്രാഫർ ആയി വർക്ക് ചെയ്യാനും എനിക്ക് കഴിഞ്ഞു.
ഇന്ത്യൻസിനിമയുടെ നൂറാം പിറന്നാൾ ചെന്നൈയിൽ ആഘോഷിച്ച അവസരത്തിലായിരുന്നു മധു സാറിൻ്റെ എൺപതാം പിറന്നാൾ. അന്ന് മമ്മൂട്ടിയും മോഹൻലാലും ഞാനും ചേർന്നാണ് സാറിനെ ഹാരമണിയിച്ചത്. അതും ജീവിതത്തിൽ ലഭിച്ച വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. അന്നെന്നോട് മധു സാർ സംസാരിച്ചതെല്ലാം ജീവിതത്തെക്കുറിച്ചായിരുന്നു. ജീവിതത്തെ എത്ര മാത്രം പോസിറ്റീവായാണ് അദ്ദേഹം സമീപിക്കുന്നതെന്ന് ആ വാക്കുകൾ എന്നെ ബോധ്യപ്പെടുത്തി,’കമൽ ഹാസൻ പറയുന്നു.
Content Highlight: Kamal Hassan About Actor Madhu