| Saturday, 11th January 2025, 8:09 am

നെടുമുടി വേണുവിനെയും ഭരത് ഗോപിയെയുമെല്ലാം പോലെ കൊതി തോന്നുന്ന അഭിനയമാണ് ആ യുവ നടന്റേത്: കമൽ ഹാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല.

കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ്. നാച്വറൽ ആക്ടിങ്ങിൽ തന്നെ അത്ഭുതപ്പെടുത്തിയ നടന്മാർ മലയാളത്തിൽനിന്നുള്ളവരാണെന്ന് കമൽ പറയുന്നു.

നെടുമുടി വേണുവിനെയും ഭാരത് ഗോപിയെയുമെല്ലാം പോലെ പകരക്കാരനില്ലാത്ത നടനാണ് ഫഹദ് ഫാസിലെന്നും ഫഹദിന്റെ അഭിനയം കാണുമ്പോൾ കൊതി തോന്നുമെന്നും കമൽ ഹാസൻ പറഞ്ഞു. ഒരു സിനിമ ചെയ്യുമ്പോൾ താനെപ്പോഴും പ്രേക്ഷരുടെ ഭാഗത്ത് നിന്നാണ് ചിന്തിക്കാറുള്ളതെന്നും കമൽ കൂട്ടിച്ചേർത്തു.

‘നാച്വറൽ ആക്ടിങ്ങിൽ എന്നെ അത്ഭുതപ്പെടുത്തിയ നടന്മാർ മലയാളത്തിൽനിന്നുള്ളവരാണ്.

നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത്‌ഗോപിക്കും കൊട്ടാരക്കര ശ്രീധരൻ നായർക്കുമൊന്നും പകരക്കാരില്ല എന്ന് പറയുന്നതുപോലെയാണ് ഫഹദിന്റെ ആക്ടിങ്.

സൂക്ഷ്‌മാഭിനയം എന്നുവിളിക്കാവുന്ന ടാലന്റ്. ഫഹദിന്റെ അഭിനയം കാണുമ്പോൾ കൊതിതോന്നും. ‘വിക്രം’ സിനിമയുടെ വലിയ വിജയങ്ങളിലൊന്നാണ് ഫഹദ്. ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആർട്ടിസ്റ്റുകളാണ്.

അഭിനയമായാലും സംവിധാനമായാലും നിർമാണമായാലും ഞാനാദ്യം ചിന്തിക്കുന്നത് പ്രേക്ഷകന്റെ ഭാഗത്തുനിന്നാണ്. എന്റെ മുപ്പതാമത്തെ വയസിൽ അറുപതുകാരന്റെ വേഷത്തിൽ ഞാനഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ മുപ്പത്തുകാരനായും അഭിനയിച്ചേക്കാം. അതിന് മനസുമാത്രം പോര, പഠനവും വേണം. അല്ലാതെ ചെയ്‌താൽ അത് ഫാൻസി ഡ്രസ്സായി മാറും.

വിദേശത്ത് നടന്ന പല ശില്പ‌ശാലകളിലും പങ്കെടുത്തതിലൂടെ സിനിമയെക്കുറിച്ച് പുതിയ പല കാര്യങ്ങളും പഠിക്കാനായിട്ടുണ്ട്. അതെല്ലാം അഭിനയത്തിനൊരുപാട് ഗുണവും ചെയ്‌തിട്ടുണ്ട്. എങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം ഞാൻ നേരത്തേ പറഞ്ഞപോലെ പ്രേക്ഷകൻ്റെ മനസോടെ ചിന്തിച്ചശേഷം മാത്രമേ പഠിച്ച കാര്യങ്ങൾ സിനിമയിൽ ഉപയോഗിക്കാറുള്ളൂ,’കമൽ ഹാസൻ പറയുന്നു.

Content Highlight: Kamal Hassan About Acting Of  Fahadh Fazil

Latest Stories

We use cookies to give you the best possible experience. Learn more