| Tuesday, 21st November 2017, 10:49 am

'ദീപികയുടെ തല സംരക്ഷിക്കണം'; പത്മാവതിയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പത്മാവതി സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ ചിത്രത്തിനും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ നടുക്കം രേഖപ്പെടുത്തിയ താരം ദീപികയുടെ തല സംരക്ഷിക്കണമെന്നും ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടിരൂപ ഇനാം നല്‍കുമെന്ന് ഒരു ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു.

“ദീപികയുടെ തല സംരക്ഷിക്കണം. ശരീരത്തേക്കാളും സ്വാതന്ത്ര്യത്തേക്കാളും താന്‍ അവരുടെ തലയെ ബഹുമാനിക്കുന്നു. ഒരിക്കലും അത് നിഷേധിക്കരുത്. ചില വിഭാഗങ്ങള്‍ തന്റെ സിനിമയെ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോഗ്യകരമായ സംവാദത്തില്‍ തീവ്രആശയങ്ങള്‍ ഉണ്ടാകുന്നത് പരിതാപകരമാണ്. പ്രബുദ്ധരായ രാജ്യം ഉണര്‍ന്നെണീക്കേണ്ട സമയമാണ്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണം”.


Also Read: അദാനിയ്ക്ക് കേന്ദ്രത്തിന്റെ ‘കൈത്താങ്ങ്’; അദാനി ഗ്രൂപ്പിന്റെ ഇറക്കുമതി കേസ് കേന്ദ്രം എഴുതിത്തള്ളുന്നു


രാഷ്ട്രീയ പ്രവേശത്തിന് തയ്യാറെടുക്കുന്ന കമല്‍ഹാസന്‍ നേരത്തെ വിജയ് സിനിമ മെരസലിനെതിരെ ആക്രമണമുണ്ടായപ്പോഴും കമല്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്‍വീര്‍ സിംഗാണ് അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തും. ചിത്രം ഡിസംബര്‍ ആദ്യം എത്തുമെന്നറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.

രജ്പുത്ര, കര്‍ണി സേന സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more