കോണ്‍ഗ്രസ് സഖ്യത്തിനായി വിളിച്ചിരുന്നു; ഡി.എം.കെയുമായുള്ള സഖ്യമുപേക്ഷിച്ചാല്‍ ആലോചിക്കാമെന്നേ പറയാനാകൂ: കമല്‍ഹാസന്‍
national news
കോണ്‍ഗ്രസ് സഖ്യത്തിനായി വിളിച്ചിരുന്നു; ഡി.എം.കെയുമായുള്ള സഖ്യമുപേക്ഷിച്ചാല്‍ ആലോചിക്കാമെന്നേ പറയാനാകൂ: കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 9:47 am

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യ സാധ്യതയുണ്ടോയെന്ന വിഷയത്തില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് നേതൃത്വം ഞങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ അവരുമായി ഒരു ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാല്ല. അവര്‍ ഡി.എം.കെയുമായുള്ള സഖ്യമുപേക്ഷിച്ചാല്‍ മാത്രം സഖ്യം ചേരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ അതിനര്‍ത്ഥം അവരെ പാര്‍ട്ടിയുടെ പ്രധാനഭാഗമാക്കും എന്നല്ല’, കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം ഔട്ട് സൈഡര്‍ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എത്രത്തോളം ഒരാളെ സ്‌നേഹിക്കുന്നുവെന്നതിലാണ് കാര്യമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

‘തമിഴ്‌നാട്ടില്‍ ഗാന്ധിജി ഒരു ഔട്ട്‌സൈഡര്‍ ആയിരുന്നു. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന എം.ജി.ആര്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തെയും തമിഴ്‌നാട് ജനത സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഈ ഔട്ട് സൈഡര്‍ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വിലപ്പോകില്ല,’ കമല്‍ഹാസന്‍ പറഞ്ഞു.

വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. മാര്‍ച്ച് 12നാണ് ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ ഹാസന്‍ ആണെന്ന് ആള്‍ ഇന്‍ഡ്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി 40 സീറ്റുകളില്‍ ശരത് കുമാറിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kamal Hasan Speaks About Congress Allience