കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കും; മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി സഖ്യത്തിലേക്കോ?
national news
കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കും; മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി സഖ്യത്തിലേക്കോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th December 2022, 8:41 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരം കമല്‍ഹാസന്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ വെച്ചാണ് കമല്‍ഹാസന്‍ യാത്രക്കൊപ്പം ചേരുക.

കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം വഴിയാണ് കമല്‍ഹാസന് യാത്രയില്‍ ചേരാനുള്ള രാഹുലിന്റെ ക്ഷണം അയച്ചത്. ഡിസംബര്‍ 24നാണ് ഭാരത് ജോഡോ യാത്ര ദല്‍ഹിയില്‍ എത്തുക.

ഡിസംബര്‍ 23ന് ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ദല്‍ഹിയില്‍ പ്രവേശിക്കുക. ഫരീദാബാദില്‍ നിന്ന് രാജ്ഘട്ടിലേക്കുള്ള യാത്രയിലാകും കമല്‍ഹാസന്‍ പങ്കെടുക്കുക. കമലഹാസന്റെ രാഷ്ട്രീയ സംഘടനയായ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കും.

ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായാണ് കമല്‍ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എ.ജി. മൗര്യ അറിയിച്ചു.

യാത്ര രാജസ്ഥാനില്‍ എത്തുമ്പോള്‍ കമല്‍ഹാസനെ യാത്രയില്‍ ഉള്‍പ്പെടുത്താനായിരുന്നു കോണ്‍ഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ കമല്‍ പങ്കെടുക്കുകയാണെങ്കില്‍ അത് യാത്രക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ തീരുമാനം മാറ്റുകയായിരുന്നു.

തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കമല്‍ഹാസന്റെ പാര്‍ട്ടിയും ചേരുന്നതിന് മുന്നോടിയായാണ് ഭാരത് ജോഡോ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുക എന്ന വിലയിരുത്തലുകളും ഇതിനോടകമുണ്ട്.

അതേസമയം, രാജസ്ഥാനിലാണ് നിലവില്‍ ജോഡോ യാത്ര പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ തുടങ്ങിയ യാത്ര തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നാണ് രാജസ്ഥാനിലെത്തിയത്.