| Saturday, 13th October 2018, 2:15 pm

കോണ്‍ഗ്രസുമായി സഖ്യമാകാം; പക്ഷേ ഒരു നിബന്ധന മാത്രം: കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ ഒരുക്കമാണെന്ന് നടനും മക്കല്‍ നീതി മയിമം അധ്യക്ഷനുമായ കമല്‍ഹാസന്‍.

പക്ഷേ ദ്രാവിഡ മുന്നേട്ര കഴകവുമായുള്ള (ഡി.എം.കെ) ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിക്കുയുള്ളൂവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

“”ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം ഇല്ലാതാവുകയാണെങ്കില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ””-കമല്‍ ഹാസന്‍ പറയുന്നു.


സവര്‍ണ്ണരേ….എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ ഒരു അയ്യപ്പന്‍ വര്‍മ ഇല്ലാതെ പോയി: ചോദ്യവുമായി സന്ദീപാനന്ദ ഗിരി


ഇക്കഴിഞ്ഞ ജൂണില്‍ കമല്‍ഹാസന്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുന്നതായിരുന്നു യോഗം. “”ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. പക്ഷേ അത് നിങ്ങള്‍ കരുതുന്നത് പോലെയല്ല”” എന്നായിരുന്നു കമല്‍ഹാസന്‍ അന്ന് പ്രതികരിച്ചിരുന്നത്.

ആദ്യമായാണ് ഡി.എം.കെ ക്കെതിരെ പരസ്യ നിലപാടുമായി കമല്‍ഹാസന്‍ രംഗത്തെത്തുന്നത്. നേരത്തെ കാവേരി വിഷയയുമായി ബന്ധപ്പെട്ട് ഡി.എം.കെ വിളിച്ചുവരുത്തിയ ഓള്‍പാര്‍ട്ടി മീറ്റിങ്ങില്‍ നിന്നും കമല്‍ഹാസന്റെ പാര്‍ട്ടി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഡി.എം.കെയും എ.ഡി.എം.കെയും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും തമിഴ് നാട്ടില്‍ നിന്നും ഇരുപാര്‍ട്ടികളേയും തുടച്ചുനീക്കാനുള്ള ശ്രമമായിരിക്കും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more