| Wednesday, 24th February 2021, 7:54 am

മുഖ്യമന്ത്രിയാകുക എന്നത് ഒരു സ്വപ്‌നമല്ല, പ്രയത്‌നമാണ്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തീര്‍ച്ചയായും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും,’ കമല്‍ ഹാസന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടി രൂപീകരിക്കുന്ന സഖ്യം, ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പമാകരുതെന്നും മൂന്നാം മുന്നണിക്കൊപ്പമായിരിക്കണമെന്നുമാണ് ആഗ്രഹം. മുഖ്യമന്ത്രിയാകണം എന്നത് ഒരു സ്വപ്‌നമല്ല അതൊരു പ്രയത്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് സ്ഥാനാര്‍ത്ഥികുമെന്ന് കമല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്‌നാട് തെരഞ്ഞെടുപ്പ് നടക്കുക.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് വ്യക്തമാക്കിയതാണെന്നും കമല്‍ പറഞ്ഞു. താന്‍ ഒരു സുഹൃത്തെന്ന നിലയിലാണ് കാണാന്‍ പോയതെന്നും കമല്‍ പറഞ്ഞു. രജനീകാന്തിന്റെ പിന്തുണ തേടിയിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പിടിപെട്ടതിന് പിന്നാലെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kamal Haasan will contest in Tamilnadu polls

We use cookies to give you the best possible experience. Learn more