ദല്‍ഹി: ബി.ജെ.പി നേതാവും റെസ്ലിങ് ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടത്തിയ ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിട്ടു. സമരക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി മാര്‍ച്ച് നടത്തി. ലൈംഗികാരോപണ കേസില്‍ ആരോപണവിധേയനായ ബ്രിജ്ഭൂഷണെതിരെ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ഒരു മാസമായി ജന്തര്‍ മന്ദറില്‍ സമരം നടത്തിവരുന്നത്.
സമരക്കാരോട് ജന്തര്‍ മന്തറില്‍ നിന്ന് ബസ് മുഖാന്തരം പോയാല്‍ മതിയെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിന്തുണയുമായെത്തിയ നിരവധി പേരോടൊപ്പം കാല്‍ നടയായാണ് സമരക്കാര്‍ ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികും കര്‍ഷകരുമടങ്ങുന്നവര്‍ ഇന്ത്യാ ഗേറ്റിലെത്തി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് നടന്‍ കമല്‍ ഹാസനും രംഗത്തെത്തി. ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുകയാണെന്നും രാജ്യത്തിന്റെ യശസ്സിനായി പോരാടേണ്ടവരെ, വ്യക്തികളുടെ സുരക്ഷക്കായി പോരാടേണ്ട സ്ഥിതിയില്‍ എത്തിച്ചിരിക്കുകയാണെന്നും ഉലകനായകന്‍ ട്വീറ്റ് ചെയ്തു
‘ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിടുകയാണ്. രാജ്യത്തിന്റെ യശസ്സിനായി പോരാടേണ്ടവരെ, വ്യക്തികളുടെ സുരക്ഷക്കായി പോരാടേണ്ട സ്ഥിതിയില്‍ എത്തിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ഇന്ത്യക്കാരേ, ആര്‍ക്കാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത്?
രാജ്യത്തെ കായിക പ്രതിഭകള്‍ക്കാണോ, അതോ കാര്യമായി ക്രിമിനല്‍ പശ്ചാത്തലമുള്ളൊരു രാഷ്ട്രീയക്കാരനാണോ? എന്നും കമല്‍ഹാസന്‍ ചോദിച്ചു. #IstandWithMyChampions, #WrestlersProtest എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് സൂപ്പര്‍താരം ട്വീറ്റ് പങ്കുവെച്ചത്.
ബ്രിജ്ഭൂഷണെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ആരംഭിക്കാന്‍ പൊലീസ് മടിക്കുകയാണ്. ഐ സ്റ്റാന്‍ഡ് വിത്ത് മൈ ചാമ്പ്യന്‍സ് എന്ന ഹാഷ് ടാഗില്‍ നിരവധി ആരാധകരും സമരക്കാരെ പിന്തുണച്ച് രംഗത്തെത്തി. സിനിമാ രംഗത്ത് നിന്ന് ഇതിന് മുമ്പ് പൂജാ ഭട്ട്, സോനു സൂദ്, ഗൗഹര്‍ ഖാന്‍, വിദ്യുത് ജംവാല്‍, സ്വര ഭാസ്‌കര്‍ എന്നിവരും ഗുസ്തിക്കാരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
content highlights: Kamal Haasan tweets about one-month of wrestlers’ protest, asks ‘who really deserves our attention’