ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇട്ട ട്വീറ്റ് വിവാദത്തിലാകുന്നു. സ്ത്രീ ശാക്തീകരണത്തിനും സംരക്ഷണത്തിനും സമനിലയും അന്തസ്സും പ്രധാനമാണെന്നാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്.
സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പരിശീലിക്കുന്ന സ്‌നേഹ മോഹന്‍ദോസ് എന്ന യുവതിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.
ഫൂഡ്ബാങ്ക് ഇന്ത്യയുടെ സ്ഥാപകയായ സ്‌നേഹ മോഹന്‍ദോസ് അടുത്തിടെ മക്കള്‍ നീതി മയ്യത്തില്‍ അംഗത്വമെടുത്തിരുന്നു.
‘നിങ്ങളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും ഏറ്റവും പ്രധാനം സമചിത്തതയും അന്തസുമാണ്,’ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ ആത്മവിശ്വാസത്തിന് കുരുമുളക് സ്‌പ്രേയേക്കാള്‍ കൂടുതല്‍ ആഘാതമുണ്ടാക്കാനാവും എന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
Dignity and equipoise are important to your protection and empowerment. With the above qualities, your self-defence can become non-violent. When non-violence meets violence, there is no combat; clearly the criminal is exposed. Your confidence can do more damage than pepper spray https://t.co/0frfUtciWZ
എന്നാല്‍ ഈ ട്വീറ്റിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പുരുഷ കേന്ദ്രീകൃതമായി സ്ത്രീയെ കാണുന്നതിന്റെ പ്രശ്‌നമാണിത് എന്ന തരത്തിലുള്ള പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.
പല തരത്തിലുള്ള പുരുഷാധിപത്യം കണ്ടിട്ടുണ്ട്. ഇത് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശികാന്ത് സെന്തില്‍ പറഞ്ഞു. കവിതാ കൃഷ്ണന്‍ അടക്കമുള്ളവരെ ശശികാന്ത് ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.