national news
കമൽഹാസൻ രാജ്യസഭയിലേക്ക്? ഡി.എം.കെ മന്ത്രി ശേഖർബാബുവുമായി ചർച്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 07:29 am
Wednesday, 12th February 2025, 12:59 pm

ന്യൂദൽഹി: മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്ന് കമൽ ഹാസന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ് മന്ത്രി ശേഖർബാബു കമലിനെ കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമൽഹാസൻ രാജ്യസഭയിലേക്ക് എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

പിന്നാലെ ഡി.എം.കെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. ഡി.എം.കെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡി.എം.കെ ഉറപ്പ് നൽകിയിരുന്നു.

എം.പിമാരായ എൻ. ചന്ദ്രശേഖരൻ (എ.ഐ.എ.ഡി.എം.കെ), അൻബുമണി രാംദാസ് (പി.എം.കെ), എം. ഷൺമുഖം, വൈകോ, പി. വിൽസൺ, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡി.എം.കെ) എന്നിവരുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കുന്നതോടെ , അത്രയും രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ഇതിലൊരു സീറ്റിലേക്കാണ് ഇപ്പോൾ അദ്ദേഹം മത്സരിക്കുമെന്ന വാർത്തകൾ വരുന്നത്.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് വളരെ മുമ്പ് കഴിഞ്ഞ വർഷമാണ് ഈ തീരുമാനം എടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

മക്കൾ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയം അറിഞ്ഞ കമൽഹാസൻ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പം നിൽക്കുമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസിന്റെ ഏതെങ്കിലും ഒരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ഡി.എം.കെയുമായുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായി കമല്‍ മത്സരിച്ചിരുന്നില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽ രംഗത്തിറങ്ങിയതുമാണ്‌. എന്നാൽ ഡി.എം.കെയുടെ ആവശ്യപ്രകാരം കമൽ തീരുമാനത്തിൽ നിന്ന്‌ പിന്മാറുകയും ഡി.എം.കെയ്‌ക്ക്‌ വേണ്ടി പ്രചരണത്തിനിറങ്ങുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണ്‌ കമൽ ഹാസന്‌ പാർട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്‌.

നിയമസഭയിലെ അംഗബലം പ്രകാരം നിലവിൽ നാല്‌ പേരെ ഡി.എം.കെയ്ക്ക് രാജ്യസഭയിലേക്ക് അയക്കാൻ ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽ നിന്ന്‌ കമൽ ഹാസനെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന്‌ ഡി.എം.കെ അറിയിച്ചിട്ടുണ്ട്‌.

 

Content Highlight: Kamal Haasan to Rajya Sabha; Discussed with DMK Minister Shekhar Babu