വിക്രം സിനിമയുടെ വിജയത്തില്‍ മലയാളത്തില്‍ നന്ദി പറഞ്ഞ് കമല്‍ ഹാസന്‍. ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സിനിമകളേയും നെഞ്ചേറ്റിയവരാണ് മലയാളികളെന്നും ഇപ്പോള്‍ തന്നെയും തന്റെ വിക്രം സിനിമയേയും നെഞ്ചേറ്റിയത് ഭാഗ്യമാണെന്നും കമല്‍ പറഞ്ഞു. തന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരമെന്നും അവസാന മൂന്ന് മിനിട്ടിലെത്തിയ സൂര്യ അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തന്റെയൊപ്പം ഉണ്ടാവുമെന്നും കമല്‍ പറഞ്ഞു.
‘എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും എന്റെ നമസ്‌കാരം. ഭാഷ ഏതായാലും നല്ല സിനിമകളെ നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. ഇപ്പോള്‍ എന്നെയും എന്റെ വിക്രം സിനിമയേയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു, എന്റെ ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പേരറിയാത്ത ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. എന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം.
അവസാന മൂന്ന് മിനിട്ട് വന്ന് തിയേറ്ററില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകുന്നതായിരിക്കും. ഡയറക്ടര്‍ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രേമിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്.
അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍,’ കമല്‍ പറഞ്ഞു.
രാജ്കമല്‍ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലാണ് കമല്‍ ഹാസന്റെ നന്ദിയറിയിച്ചുള്ള വീഡിയോ വന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കമലിന്റെ നന്ദി പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലോകേഷ് കനകരാജിന് നന്ദിയറിയിച്ചുകൊണ്ടുള്ള കമല്‍ ഹാസന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് വിക്രം. ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം 175 കോടിയാണ് ബോക്‌സ് ഓഫീസുകളില്‍ നിന്നും വാരിയത്.
Content Highlight: Kamal Haasan thanks in malayalam for the success of Vikram