| Thursday, 15th December 2022, 7:57 am

മലയാള സിനിമക്ക് ഒരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നു, അതൊരു നാണക്കേടാണ്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് സംഭവിച്ച ഇരുണ്ട കാലഘട്ടത്തെ പറ്റി സംസാരിക്കുകയാണ് കമല്‍ ഹാസന്‍. തന്റെ മലയാളം സിനിമക്ക് എന്താണ് സംഭവിച്ചത് എന്ന് അപ്പോള്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ആ കാലഘട്ടം വലിയ നാണക്കേടായിരുന്നു എന്നും ഫിലിം കമ്പാനിയന്‍ നടത്തിയ ഫിലിം മേക്കേഴ്‌സ് ആഡയില്‍ അദ്ദേഹം പറഞ്ഞു. സംവിധായകന്‍ രാജമൗലി, നടനും സംവിധായകനുമായ പൃഥ്വിരാജ് എന്നിവരും ഫിലിം മേക്കേഴ്‌സ് ആഡയില്‍ പങ്കെടുത്തിരുന്നു.

‘ഞാന്‍ മലയാള സിനിമയുടെ ആരാധകനാണ്. മലയാളം സിനിമയിലാണ് ഞാന്‍ ട്രെയ്ന്‍ ചെയ്യപ്പെട്ടത്. പക്ഷേ മലയാള സിനിമയില്‍ ഒരു ഡാര്‍ക്ക് പിരിയഡുണ്ടായിരുന്നു. ആ പിരിയഡ് ഒരു നാണക്കേടാണ്. എന്റെ മലയാള സിനിമക്ക് എന്താണ് സംഭവിച്ചത്, അത് എവിടേക്കാണ് പോവുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. അന്ന് അവര്‍ക്ക് തമിഴ് സിനിമയോടും തെലുങ്ക് സിനിമയോടും മത്സരിക്കണമായിരുന്നു. അതിലൂടെ അവരുടെ പ്രതാപമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ മനോഹരമായ സിനിമകള്‍ സംഭവിക്കുന്നുണ്ട്.

ആര്‍ട്ട് ഫിലിം സെറ്റ് ചെയ്യാന്‍ വളരെ പ്രയാസമാണ്. അത് ക്ലാസിക്കല്‍ മ്യൂസിക് പോലെയാണ്. എന്നാല്‍ മലയാളം സിനിമയിലേക്ക് നോക്കൂ. എം.ടി. വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് നിര്‍മാല്യം. ഞാന്‍ അത് നാല് തവണ കണ്ടിട്ടുണ്ട്. നിര്‍മാല്യമാണ് സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ചത്.

കന്നഡ സംവിധായകനായ ഗിരീഷ് കര്‍ണാടിന്റെ കാടു അതുപോലെ തന്നെയാണ്. തേവര്‍ മകന്‍ എന്ന എന്റെ ചിത്രത്തിന് പ്രചോദനമായത് കാടുവാണ്. ഞാന്‍ അദ്ദേഹത്തോടും ഇതിനെ പറ്റി സംസാരിച്ചിട്ടുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.

തനിക്കിപ്പോള്‍ ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളം സിനിമയിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണെന്നാണ് രാജമൗലി പറഞ്ഞത്. ‘എല്ലാ ഇന്‍ഡസ്ട്രിക്കും അവരവരുടേതായ ഗുണങ്ങളുണ്ട്. തമിഴിലെ സംവിധായകര്‍ എപ്പോഴും മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരേക്കാളും ടെക്‌നിക്കലി മുന്നിലണ്.

പോപ്പുലര്‍ സിനിമയിലാണ് തെലുങ്കിലെ സംവിധായകര്‍ക്ക് കൂടുതല്‍ മികവ്. ഞങ്ങള്‍ക്ക് പ്രേക്ഷകരുമായി കുറച്ചുകൂടി കണക്ഷനുണ്ട്. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം. മലയാളം സിനിമയിലാണ് ഏറ്റവും മികച്ച എഴുത്തുകാരുള്ളത്. ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്,’ രാജമൗലി പറഞ്ഞു.

രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണമെന്നാണ് ഫിലിം മേക്കേഴ്‌സ് ആഡയില്‍ പൃഥ്വിരാജ് പറഞ്ഞത്. ‘വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kamal Haasan talks about the dark period that happened to Malayalam cinema

We use cookies to give you the best possible experience. Learn more