|

നായകനില്‍ നിന്ന് എന്തിന് മറുപടി പ്രതീക്ഷിക്കണം; കണ്ണാടിയില്‍ നോക്കി സ്വയം ചോദിക്കൂ: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1987ല്‍ മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് നായകന്‍. കമല്‍ ഹാസന്‍ നായകനായ സിനിമയില്‍ ശരണ്യ, കാര്‍ത്തിക, ജനഗരാജ്, എം.വി. വാസുദേവ റാവു, ഡല്‍ഹി ഗണേഷ്, നിഴല്‍ഗല്‍ രവി, നാസര്‍, താര തുടങ്ങിയവരും അഭിനയിച്ചിരുന്നു.

കമല്‍ ഹാസന്‍ ശക്തിവേല്‍ വേലു നായ്ക്കര്‍ എന്ന കഥാപാത്രമായിട്ടാണ് നായകനില്‍ എത്തിയത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഡയലോഗ് ആയിരുന്നു ‘നീങ്ക നല്ലവരാ കെട്ടവരാ’ എന്നത്. ഇപ്പോള്‍ ആ ഡയലോഗിനെ കുറിച്ച് പറയുകയാണ് കമല്‍ ഹാസന്‍.

നിങ്ങള്‍ എന്തിനാണ് നായകനില്‍ നിന്ന് അതിനുള്ള മറുപടി പ്രതീക്ഷിക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കണ്ണാടിയുടെ മുന്നില്‍ പോയി നില്‍ക്കൂവെന്നും എന്നിട്ട് സ്വയം ആ ചോദ്യം ചോദിക്കൂവെന്നുമാണ് കമല്‍ ഹാസന്‍ പറയുന്നത്.

‘നീങ്ക നല്ലവരാ കെട്ടവരാ’ എന്ന ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലല്ലോ എന്ന ചോദ്യത്തിന്റെ മറുപടിയാണ് നടന്‍ ഈ കാര്യം പറഞ്ഞത്. താന്‍ ഇന്നുവരെ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിട്ടില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

‘നിങ്ങള്‍ എന്തിനാണ് നായകനില്‍ നിന്ന് അതിനുള്ള മറുപടി പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ കണ്ണാടിയുടെ മുന്നില്‍ പോയി നില്‍ക്കൂ. എന്നിട്ട് ആ ചോദ്യം ചോദിക്കൂ. ഞാന്‍ സത്യത്തില്‍ ഇന്നുവരെ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിട്ടില്ല.

ഞാന്‍ ഇപ്പോള്‍ ഷേവ് ചെയ്യുന്നത് നിര്‍ത്തി. അതുകൊണ്ട് കണ്ണാടിയുടെ മുന്നില്‍ കുറച്ച് സമയം മാത്രമേ ഞാന്‍ ഉണ്ടാകുകയുള്ളൂ. സിനിമക്ക് വേണ്ടി അല്ലെങ്കില്‍ മറ്റൊരു കഥാപാത്രമാകാന്‍ വേണ്ടി ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുന്ന സമയത്തൊന്നും ഞാന്‍ ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിട്ടില്ല.

പിന്നെയെല്ലാം നിങ്ങള്‍ ക്യാമറ എവിടെ സ്ഥാപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ആ ക്യാമറ എന്റേതാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒരു നല്ല ആളാകും (ചിരി),’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan Talks About Nayakan Movie

Latest Stories