| Sunday, 3rd March 2024, 7:57 pm

മഞ്ഞുമ്മല്‍ ബോയ്‌സ് എനിക്ക് ഇഷ്ടമായി; എന്റെ പേര് പറഞ്ഞതുകൊണ്ടല്ല ആ സിനിമ ഇഷ്ടമായത്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തനിക്ക് വളരെ ഇഷ്ടമായെന്നും അത് സിനിമയില്‍ തന്റെ പേര് പറഞ്ഞതുകൊണ്ടല്ലെന്നും കമല്‍ ഹാസന്‍. കണ്‍മണി അന്‍പോട് എന്ന പാട്ട് സിനിമയില്‍ ഉപയോഗിച്ചതും തനിക്ക് ഇഷ്ടമായെന്നും താരം പറഞ്ഞു.

സിനിമ കണ്ട ശേഷം കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താന ഭാരതിയും മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ ചെന്നൈയിലേക്ക് വിളിച്ചിരുന്നു. ടീമിനോട് സംസാരിക്കുമ്പോഴാണ് താരം ഈ കാര്യം പറഞ്ഞത്.

കണ്‍മണി പാട്ടിനെ കുറിച്ച് പറയുന്നതിന്റെ ഇടയില്‍ കാതല്‍ സൗഹൃദത്തിനും ചേരുമെന്നും മുഹബത്ത് എന്ന വാക്ക് സുഹൃത്ത് ബന്ധത്തിനും ഉപയോഗിക്കാമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് തങ്ങള്‍ ഒരുപാട് എന്‍ജോയ് ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് പേജിലൂടെയാണ് താരവും മഞ്ഞുമ്മല്‍ ബോയ്സും പരസ്പരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.

‘എനിക്ക് സിനിമ വളരെ ഇഷ്ടമായി. അതില്‍ കമല്‍ ഹാസന്റെ പേര് പറഞ്ഞതുകൊണ്ടല്ല അത്. കണ്മണീ എന്ന പാട്ട് സിനിമയില്‍ ഉപയോഗിച്ചതും ഇഷ്ടമായി. കാതല്‍ സൗഹൃദത്തിനും ചേരുന്നതാണ്. മുഹബത്ത് എന്ന വാക്ക് സുഹൃത്ത് ബന്ധത്തിനും ഉപയോഗിക്കാം.

നിങ്ങളുടെ വര്‍ക്ക് ഞങ്ങള്‍ ഒരുപാട് എന്‍ജോയ് ചെയ്തു. നിങ്ങളും ആ സിനിമയുടെ ഷൂട്ടിങ് ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ടാവുമെന്ന് അറിയാം,’ കമല്‍ ഹാസന്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ഗുണാ സിനിമയുടെയും ലൊക്കേഷനായ ഗുണാ കേവിനെ കുറിച്ചും താരം സംസാരിച്ചു.

‘ആ ഗുഹയിലെ പാറകള്‍ക്ക് അധികം പ്രായമില്ല. അതില്‍ ഒരുപാട് അപകടമുണ്ട്. റോക്ക് ക്ലൈംബിംങിന് പറ്റിയ പാറയല്ല അത്. പിന്നെ സിനിമ കാണുമ്പോള്‍ അവിടെയുള്ള ചെമ്പകനാടാറിന്റെ പ്രതിമയെപ്പറ്റി നിങ്ങള്‍ പറയുമെന്ന് ഞാന്‍ കരുതി.

അവിടെ നിന്ന് എനിക്ക് കിട്ടിയ കുരങ്ങുകളുടെ തലയോട്ടി ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഹേ റാം എന്ന സിനിമ കണ്ടിട്ടുണ്ടോ.

അതില്‍ കാണിക്കുന്ന മൂന്ന് തലയോട്ടികള്‍ എനിക്ക് കിട്ടിയത് ഗുണാ കേവില്‍ നിന്നാണ്. ചെറിയ കുരങ്ങുകള്‍ മുകളില്‍ നിന്ന് കേവിലേക്ക് വീണ ശേഷം പുറത്തേക്ക് വരാന്‍ പറ്റാതെ അവിടെ കിടന്ന് ചത്തു പോകുന്നതാണ് അത്,’ കമല്‍ ഹാസന്‍ പറഞ്ഞു.


Content Highlight: Kamal Haasan Talks About Manjummel Boys

We use cookies to give you the best possible experience. Learn more