ആദ്യ പടം ചെയ്യുമ്പോള്‍ 40 സിനിമ ചെയ്ത കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നു; എന്നെ സംവിധായകനാക്കിയത് അദ്ദേഹം: കമല്‍ ഹാസന്‍
Entertainment
ആദ്യ പടം ചെയ്യുമ്പോള്‍ 40 സിനിമ ചെയ്ത കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നു; എന്നെ സംവിധായകനാക്കിയത് അദ്ദേഹം: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2024, 6:34 pm

തന്റെ ഗുരുനാഥന്‍ ബാലു മഹേന്ദ്രയെ കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. പതിനാറ് വയസുള്ളപ്പോള്‍ ആദ്യമായി താന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ബാലു മഹേന്ദ്രയെ കാണുന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

അദ്ദേഹം സിനിമയെടുക്കുന്ന രീതി തന്റെ സ്വപ്നമായിരുന്നെന്നും ആ കാലഘട്ടത്തില്‍ ബാലു മഹേന്ദ്ര സിനിമയെ കണ്ടപോലെ വേറെ ആരും കണ്ടിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ സിനിമ ചെയ്യുമ്പോള്‍ തന്നെ നാല്പത് സിനിമ ചെയ്ത കോണ്‍ഫിഡന്‍സ് ബാലുവിന് ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് തന്നെ സംവിധായകനാക്കിയതെന്നും താരം പറയുന്നു.

‘ബാലു മഹേന്ദ്ര എനിക്ക് ഒരു ഗുരു ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കാം, എന്നോട് സുഹൃത്തിനോടെന്നപോലെയാണ് പെരുമാറിയിട്ടുള്ളത്. എനിക്ക് പതിനാറ് വയസുള്ളപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ ഒരു സിനിമയുടെ സെറ്റില്‍ ഞാന്‍ കാണുന്നത്. ബാലു മഹേന്ദ്ര ആ സെറ്റില്‍ വന്നപ്പോള്‍ എന്നോട് അവിടെ ഉള്ളവര്‍ പറഞ്ഞത് പൂര്‍ണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വരുന്ന ആളാണ്, നമ്മുടെ ക്യാമറാമാന് സുഖമില്ല അതുകൊണ്ടാണ് അദ്ദേഹം വന്നത് എന്നായിരുന്നു.

അദ്ദേഹം അവിടെ വന്നിട്ട് ക്യാമറ ഉപയോഗിക്കുന്ന വിധമെല്ലാം കണ്ടപ്പോള്‍ അദ്ദേഹം സിനിമയെടുക്കുന്ന രീതി എന്റെ സ്വപ്നമായിരുന്നു. അന്ന് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയായിരുന്നു. ഇങ്ങനെയല്ല സിനിമയെടുക്കേണ്ടത് അങ്ങനെയാണെന്ന് എനിക്ക് മനസിലായി. അദ്ദേഹം സിനിമയെ കണ്ടപോലെ ആ കാലഘട്ടത്തില്‍ മറ്റാരും സിനിമയെ കണ്ടിട്ടില്ലായിരുന്നു.

ആദ്യ സിനിമ എടുത്ത സമയത്ത് തന്നെ നാല്പത് സിനിമയെടുത്ത കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നു. പേടിയെ ഉണ്ടായിരുന്നില്ല. അവരെല്ലാവരും ചേര്‍ന്ന് പഠിപ്പിച്ച സിനിമയാണ് എന്നെ സംവിധായകനാക്കിയത്. അഭിനേതാവാക്കി എന്ന് പറയുന്നത് വലിയ സംഭവമല്ല. എന്നാല്‍ എന്നെ സംവിധായകാനാക്കിയത് ഇവരാണ്,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan Talks About Balu Mahendra