സിനിമാ പ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ക്കൊപ്പം ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിരുന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും ഷങ്കറും ഒന്നിക്കുമ്പോള്‍ ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന രണ്ടാം ഭാഗമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2022ല്‍ ചിത്രീകരണം പുനരാരംഭിച്ച സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ മാസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. ഇന്ത്യന്‍ 2ന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം തമിഴ് സിനിമാലോകത്തെ പല താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. മലയാള നടന്‍ നെടുമുടി വേണു സിനിമയുടെ ഭാഗമായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. പിന്നീട് മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ചിത്രീകരണം തുടര്‍ന്നു. നെടുമുടി വേണുവുമൊത്ത് ചെയ്യേണ്ടിയിരുന്ന സീനുകളെക്കുറിച്ച് കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
‘ആദ്യ ഭാഗത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്തയാളായിരുന്നു നെടുമുടി വേണു. ഈ സിനിമയിലും അദ്ദേഹത്തിന്റെ കഥാപാത്രമുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ഷൂട്ടിങ് ഇടക്കാലത്ത് നിന്നു പോയ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. പിന്നീട് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് അദ്ദേഹത്തിന്റെ സീനുകള്‍ ചെയ്യേണ്ടതായി വന്നു.
നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ഒരു ഡയലോഗ് പറയേണ്ട സീന്‍ സിനിമയിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പകരം വന്ന ആര്‍ട്ടിസ്റ്റിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറഞ്ഞപ്പോള്‍ എന്റ മനസില്‍ വേണുവിന്റെ രൂപമാണ് വന്നത്. അദ്ദേഹത്തെ ഞാന്‍ ആ സമയത്ത് വല്ലാതെ മിസ്സ് ചെയ്തു. നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത് തീര്‍ത്തത്,’ കമല്‍ ഹാസന്‍ പറഞ്ഞു.
കമലിന് പുറമെ സിദ്ധാര്‍ത്ഥ്, എസ്.ജെ. സൂര്യ, ബോബി സിംഹ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, സമുദ്രക്കനി, വിവേക്, മനോബാല, ബ്രഹ്‌മാനന്ദം, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. രണ്ടാം ഭാഗത്തിന് തുടര്‍ച്ചായായി ഇന്ത്യന്‍ മൂന്നാം ഭാഗവും ഉണ്ടാകുമെന്നും അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ 3 തിയേറ്ററുകളിലെത്തുമെന്ന് ഷങ്കര്‍ പറഞ്ഞു.
Content Highlight: Kamal Haasan shares the shooting experience with Nedumudi Venu in Indian 2