|

ശ്രീരാമനെ പിന്തുടരുന്ന ബ്രാഹ്‌മണര്‍ക്ക് രണ്ട് കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ബ്രിട്ടാസ് എന്നോട് ചോദിച്ചു, ശ്രീരാമന്റെ അച്ഛനെയാണ് ഞാന്‍ പിന്തുടരുന്നതെന്ന് മറുപടി നല്‍കി: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും കമല്‍ ഹാസന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

തന്റെ രാഷ്ട്രീയവും വിശ്വാസവും കൊണ്ട് പലപ്പോഴും കമല്‍ ഹാസന്‍ ശ്രദ്ധ നേടാറുണ്ട്. ഈശ്വരവിശ്വാസിയല്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള കമല്‍ ഹാസന്‍ തന്റെ പഴയൊരു അനുഭവം പങ്കുവെക്കുകയാണ്. രാജ്യസഭാ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് തന്റെ അടുത്ത സുഹൃത്താണെന്നും ഒരിക്കല്‍ അദ്ദേഹം തന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

താന്‍ ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നുള്ള ആളല്ലേയെന്നും രണ്ട് കല്യാണം കഴിക്കാന്‍ തനിക്ക് പാടുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യമെന്നും ഒരുപാട് കോളേജ് വിദ്യാര്‍ത്ഥികള്‍ അന്ന് വേദിയിലുണ്ടായിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ബ്രാഹ്‌മണനായ ഒരാള്‍ക്ക് രണ്ട് കല്യാണം കഴിക്കാന്‍ പാടില്ലേയെന്ന് താന്‍ തിരിച്ച് ചോദിച്ചെന്നും കമല്‍ ഹാസന്‍ പറയുന്നു.

ശ്രീരാമന്റെ പാത പിന്തുടരുന്ന ബ്രാഹ്‌മണര്‍ക്ക് അതെല്ലാം ചെയ്യാമോ എന്ന് ബ്രിട്ടാസ് വീണ്ടും ചോദിച്ചിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു. താന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്ന ആളല്ലെന്നും ശ്രീരാമന്റെ അച്ഛനെയാണ് താന്‍ പിന്തുടരുന്നതെന്ന് മറുപടി നല്‍കിയെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ നോക്കുമ്പോള്‍ ഇനിയും ഒന്ന് ബാക്കിയുണ്ടെന്നും കമല്‍ ഹാസന്‍ തമാശരൂപത്തില്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് മാധ്യമപ്രവര്‍ത്തകനും എം.പിയുമായ ജോണ്‍ ബ്രിട്ടാസ്. കുറച്ചുകാലം മുമ്പ് അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു. ‘നിങ്ങള്‍ ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള ആളല്ലേ, എന്നിട്ട് എങ്ങനെയാണ് രണ്ട് കല്യാണം കഴിക്കാന്‍ പറ്റിയത്’ എന്നായിരുന്നു ചോദിച്ചത്. ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് രണ്ട് കല്യാണം കഴിക്കാന്‍ പാടില്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

‘ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നവരാണല്ലോ ബ്രാഹ്‌മണര്‍, അവര്‍ക്ക് എങ്ങനെ രണ്ട് കല്യാണം കഴിക്കാന്‍ സാധിക്കും’ എന്ന് വീണ്ടും ചോദിച്ചു. ഞാന്‍ ശ്രീരാമനില്‍ വിശ്വസിക്കുന്നില്ലെന്നും ഇനി അങ്ങനെ ചെയ്യേണ്ടി വന്നാല്‍ ശ്രീരാമന്റെ അച്ഛന്റെ പാതയാകും ഞാന്‍ ഫോളോ ചെയ്യുക എന്നും ബ്രിട്ടാസിനോട് പറഞ്ഞു. അങ്ങനെ നോക്കിയാല്‍ രണ്ട് കല്യാണം ഒരു നമ്പറേയല്ല,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan shares the question asked by John Brittas about Marriage