Entertainment
ഞാന്‍ സിനിമാഭിനയം നിര്‍ത്തുകയാണ് എന്ന് പറഞ്ഞപ്പോഴേക്കും അയാള്‍ എന്റെ നെഞ്ചില്‍ തല വെച്ച് കരയാന്‍ തുടങ്ങി: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 08, 11:44 am
Monday, 8th July 2024, 5:14 pm

63 വര്‍ഷമായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ബംഗാളി ഭാഷകളിലായി 230ലധികം സിനിമകളില്‍ അഭിനയിച്ചു. സിനിമയുടെ എല്ലാ മേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ്.

തമിഴിലെ പഴയകാല നടന്‍ ടി. രാജേന്ദ്രനെക്കുറിച്ച് കമല്‍ ഹാസന്‍ സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താന്‍ സിനിമാഭിനയം നിര്‍ത്താന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ വീട്ടിലെത്തി ഒരുപാട് സംസാരിച്ചുവെന്ന് താരം പറഞ്ഞു. തന്റെ നെഞ്ചില്‍ തല വെച്ച് കരഞ്ഞിട്ട് അഭിനയം നിര്‍ത്തില്ലെന്ന് സത്യം വാങ്ങിയാണ് രാജേന്ദ്രന്‍ പോയതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

സിലമ്പരസന് തന്നോടുള്ള ബഹുമാനം അയാളുടെ അച്ഛന്റെയടുത്ത് നിന്നാണ് കിട്ടിയതെന്നും അദ്ദേഹമില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കില്ലായിരുന്നെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഈ കഥ താന്‍ രണ്ടുമൂന്ന് തവണ സിലമ്പരസനോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഒരു പൊതുവേദിയില്‍ ഇപ്പോഴാണ് പറയുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘സിലമ്പരസന് എന്നോട് വലിയ ബഹുമാനം ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടു. അത് അയാള്‍ക്ക് കിട്ടിയത് വേറെ എവിടെ നിന്നുമല്ല. സ്വന്തം അച്ഛന്റെയടുത്ത് നിന്നാണ്. ടി. രാജേന്ദ്രനുമൊത്തുള്ള ഒരു അനുഭവം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു ഘട്ടത്തില്‍ സിനിമാ അഭിനയം നിര്‍ത്തിയാലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആ സമയത്ത് അയാള്‍ എന്നെക്കാണാന്‍ വീട്ടിലെത്തി.

ഞാന്‍ അഭിനയം നിര്‍ത്തുകയാണെന്ന് അറിഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഒരുപാട് നേരം കരഞ്ഞു. എന്റെ ഷര്‍ട്ട് മൊത്തം അയാളുടെ കണ്ണീര് കൊണ്ട് നനഞ്ഞു. ‘ഒരു കാരണവശാലും നിങ്ങള്‍ അഭിനയം നിര്‍ത്തരുത്’ എന്ന് പറഞ്ഞിട്ട് എന്റെയടുത്ത് നിന്ന് സത്യം വാങ്ങിയിട്ടാണ് പോയത്. ഞാന്‍ ഇന്നീ വേദിയില്‍ നില്‍ക്കാന്‍ ഒരു തരത്തില്‍ സിലമ്പരസന്റെ അച്ഛനും കാരണമാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan shares the incident happened with T Rajendran