| Friday, 16th December 2022, 1:36 pm

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ എം.ടി ചിത്രം നാല് തവണ കണ്ടു, അതാണ് സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ചത്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യമാണ് തന്നെ സിനിമ എന്താണെന്ന് പഠിപ്പിച്ചതെന്ന് കമല്‍ ഹാസന്‍. മലയാളം സിനിമയിലാണ് താന്‍ ട്രെയ്ന്‍ ചെയ്യപ്പെട്ടതെന്നും മലയാളം സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും ഫിലിം കമ്പാനിയന്‍ നടത്തിയ ഫിലിം മേക്കേഴ്‌സ് ആഡയില്‍ കമല്‍ ഹാസന്‍ പറഞ്ഞു. സംവിധായകന്‍ എസ്.എസ്. രാജമൗലി, നടനും സംവിധായകനുമായ പൃഥ്വിരാജ് എന്നിവരും ഫിലിം മേക്കേഴ്‌സ് ആഡയില്‍ പങ്കെടുത്തിരുന്നു.

‘ആര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അത് ക്ലാസിക്കല്‍ മ്യൂസിക് പോലെയാണ്. എന്നാല്‍ മലയാളം സിനിമകള്‍ നോക്കൂ. ഞാന്‍ എം.ടി. വാസുദേവന്‍ നായരുടെ നിര്‍മാല്യം കണ്ടിട്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. ഞാന്‍ നാല് തവണ ആ ചിത്രം കണ്ടിട്ടുണ്ട്. നിര്‍മാല്യമാണ് എന്നെ സിനിമ എന്താണെന്ന് പഠിപ്പിച്ചത്.

കന്നഡ സംവിധായകനായ ഗിരീഷ് കര്‍ണാടിന്റെ കാടു അതുപോലെ തന്നെയാണ്. തേവര്‍ മകന്‍ എന്ന എന്റെ ചിത്രത്തിന് പ്രചോദനമായത് കാടുവാണ്. ഞാന്‍ അദ്ദേഹത്തോടും ഇതിനെ പറ്റി സംസാരിച്ചിട്ടുണ്ട്.

ഞാന്‍ മലയാള സിനിമയുടെ ആരാധകനാണ്. മലയാളം സിനിമയിലാണ് ഞാന്‍ ട്രെയ്ന്‍ ചെയ്യപ്പെട്ടത്. പക്ഷേ മലയാള സിനിമയില്‍ ഒരു ഡാര്‍ക്ക് പിരിയഡുണ്ടായിരുന്നു. ആ പിരിയഡ് ഒരു നാണക്കേടാണ്. എന്റെ മലയാള സിനിമക്ക് എന്താണ് സംഭവിച്ചത്, അത് എവിടേക്കാണ് പോവുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. അന്ന് അവര്‍ക്ക് തമിഴ് സിനിമയോടും തെലുങ്ക് സിനിമയോടും മത്സരിക്കണമായിരുന്നു. അതിലൂടെ അവരുടെ പ്രതാപമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ മനോഹരമായ സിനിമകള്‍ സംഭവിക്കുന്നുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.

താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് തമിഴിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരെ കണ്ടുപഠിക്കെന്ന് നിര്‍മാതാവ് വഴക്ക് പറഞ്ഞ അനുഭവം എസ്.എസ്. രാജമൗലി പങ്കുവെച്ചിരുന്നു. ഈ സമയത്ത് തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരോട് മലയാളത്തിലെ അസിസ്റ്റന്‍സിനെ കണ്ടുപഠിക്കാനാണ് പറഞ്ഞിരുന്നതെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.

മലയാളം സിനിമകളെ പറ്റി എസ്.എസ്. രാജമൗലിയും അഭിമുഖത്തില്‍ വെച്ച് സംസാരിച്ചിരുന്നു. ‘എല്ലാ ഇന്‍ഡസ്ട്രിക്കും അതിന്റേതായ ഗുണങ്ങളുണ്ട്. തമിഴിലെ സംവിധായകര്‍ എപ്പോഴും മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരേക്കാളും ടെക്‌നിക്കലി മുന്നിലാണ്. പോപ്പുലര്‍ സിനിമയിലാണ് തെലുങ്കിലെ സംവിധായകര്‍ക്ക് കൂടുതല്‍ മികവ്. ഞങ്ങള്‍ക്ക് പ്രേക്ഷകരുമായി കുറച്ചുകൂടി കണക്ഷനുണ്ട്. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം.

മലയാളം സിനിമയിലാണ് ഏറ്റവും മികച്ച എഴുത്തുകാരുള്ളത്. ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്.

ഒരു സിനിമയിലെ രംഗം പറയാം, പേര് ഓര്‍മയില്ല. പൃഥ്വിരാജിന്റെ സിനിമയാണ്. പൊലീസ് ഓഫീസര്‍ പ്രതികളിലൊരാള്‍ക്ക് സിഗരറ്റ് നല്‍കുകയാണ്. ( പൃഥ്വിരാജ് ചിത്രത്തിന്റെ പേര് ജന ഗണ മന എന്ന് പറയുന്നു) ആ മുഴുവന്‍ സീനിന്റേയും സെറ്റ് അപ്പ്, അത് എങ്ങനെയാണ് നിര്‍മിച്ചെടുത്തിരിക്കുന്നത് എന്ന് നോക്കൂ. അതിലെ പെര്‍ഫോമന്‍സ്, എഴുതിയിരിക്കുന്ന രീതി, അതൊക്കെ കണ്ട് എനിക്ക് വലിയ അസൂയ തോന്നി. എനിക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ചിന്ത വന്നില്ല,’ രാജമൗലി പറഞ്ഞു. ഇത് കഴിഞ്ഞ് എനിക്ക് ഡിജോയെ (സംവിധായകന്‍ ഡിജോ ജോസ് ആന്റണി) വിളിക്കണമെന്നാണ് ഇതിനോട് പൃഥ്വിരാജ് പ്രതികരിച്ചത്.

Content Highlight: Kamal Haasan says that mt Vasudevan Nair directed Nirmalya taught him what cinema is all about

We use cookies to give you the best possible experience. Learn more