തമിഴ്നാട്ടിലെ കൊടൈക്കനാലിന് അടുത്തുള്ള ഒരു വനപ്രദേശമാണ് ‘മതികെട്ടന്‍ സോളൈ’. സ്വയം നഷ്ടപ്പെടുന്ന ഷോല എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. അതിനകത്തേക്ക് പോയ ആളുകള്‍ പിന്നീട് മടങ്ങിവന്നിട്ടില്ലെന്നാണ് തമിഴ്നാട്ടുക്കാരുടെ വിശ്വാസം.
ഇവിടം ആളുകളുടെ അറിവ് നശിപ്പിക്കുമെന്നും തിരിച്ചുവരാനുള്ള വഴി മറന്ന് അവര്‍ കാട് മുഴുവന്‍ വട്ടം ചുറ്റി മരിക്കുമെന്നുമാണ് പറയപ്പെടുന്നത്.
ഇപ്പോള്‍ ഗുണാ സിനിമയുടെ പേരിനായി താന്‍ ആദ്യം സജസ്റ്റ് ചെയ്ത പേര് മതികെട്ടന്‍ സോളൈ എന്നായിരുന്നുവെന്ന് പറയുകയാണ് കമല്‍ ഹാസന്‍. എന്നാല്‍ സിനിമയുടെ യൂണിറ്റിലുണ്ടായിരുന്ന എല്ലാവരും അതിന് നോ പറയുകയായിരുന്നുവെന്നും താരം പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ കണ്ട ശേഷം അതിന്റെ അണിയറപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് കമല്‍ ഹാസന്‍ ഈ കാര്യം പറഞ്ഞത്. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് പേജിലൂടെയാണ് താരവും മഞ്ഞുമ്മല്‍ ബോയ്‌സും പരസ്പരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.
‘ആ ഗുഹയിലെ പാറകള്‍ക്ക് അധികം പ്രായമില്ല. അതില്‍ ഒരുപാട് അപകടമുണ്ട്. റോക്ക് ക്ലൈബിങ്ങിന് പറ്റിയ പാറയല്ല അത്. പിന്നെ സിനിമ കാണുമ്പോള്‍ അവിടെയുള്ള ചെമ്പകനാടാറിന്റെ പ്രതിമയെപ്പറ്റി നിങ്ങള്‍ പറയുമെന്ന് ഞാന്‍ കരുതി.
അവിടെ നിന്ന് എനിക്ക് കിട്ടിയ കുരങ്ങുകളുടെ തലയോട്ടി ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഹേ റാം എന്ന സിനിമ കണ്ടിട്ടുണ്ടോ. അതില്‍ കാണിക്കുന്ന മൂന്ന് തലയോട്ടികള്‍ എനിക്ക് കിട്ടിയത് ഗുണാ കേവില്‍ നിന്നാണ്. ചെറിയ കുരങ്ങുകള്‍ മുകളില്‍ നിന്ന് കേവിലേക്ക് വീണ ശേഷം പുറത്തേക്ക് വരാന്‍ പറ്റാതെ അവിടെ കിടന്ന് ചത്തു പോകുന്നതാണ് അത്.
പിന്നെ അവിടെ ആദ്യം പോകുന്നവര്‍ ചോദിക്കുക അവിടെ പാമ്പോ മറ്റോ ഉണ്ടെങ്കിലോയെന്നാണ്. ഇതുപോലെയുള്ള ഒരുപാട് സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലുണ്ട്. മതികെട്ടന്‍ സോളൈ അതുപോലെയുള്ള ഒരു സ്ഥലമാണ്.
സത്യത്തില്‍ മതികെട്ടന്‍ സോളൈ എന്നായിരുന്നു ഗുണാ സിനിമയുടെ പേര് ആകേണ്ടിയിരുന്നത്. ഞാന്‍ സജസ്റ്റ് ചെയ്ത പേര് അതായിരുന്നു. എന്നാല്‍ യൂണിറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും അതിന് നോ പറഞ്ഞു. ആ പേരാണ് ഞാന്‍ ആദ്യം പറഞ്ഞത്. കാരണം അതാണ് ഗുണയുടെ പാരഡൈസ്,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan Says He Suggested Another Name For Gunaa Movie