സിനിമയിലെ സകല മേഖലകളിലും തന്റെ കയ്യാപ്പ് ചാര്‍ത്തിയ നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രങ്ങള്‍ ധൈര്യപര്‍വം നിര്‍മിക്കാനും കമല്‍ ഹാസന്‍ തയാറായിരുന്നു. കമല്‍ ഹാസന്‍ നിര്‍മിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു അമരന്‍.
രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് അമരന്‍ ഒരുങ്ങിയത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് മുകുന്ദായി വേഷമിട്ടത്. ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിക്കുമുകളില്‍ കളക്ട് ചെയ്യാന്‍ അമരന് സാധിച്ചു.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. നായകന്‍ ക്ലൈമാക്‌സില്‍ മരിക്കുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ അതിനെ സ്വീകരിക്കുമോ എന്ന പേടി വിതരണക്കാര്‍ക്ക് ഉണ്ടായിരുന്നെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. നായകന്‍ മരിച്ചാല്‍ സിനിമ എങ്ങനെ ഹിറ്റാകുമെന്ന് അവര്‍ തന്നോട് ചോദിച്ചെന്നും വിതരണക്കാര്‍ക്ക് സിനിമയില്‍ സംശയമുണ്ടായിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
ജനിക്കുന്ന എല്ലാവര്‍ക്കും മരണം ഉറപ്പാണെന്നും അതിനെ മാറ്റാന്‍ കഴിയില്ലെന്നും താന്‍ അവര്‍ക്ക് മറുപടി നല്‍കിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഗാന്ധിയും ബുദ്ധനും മരിച്ചവരാണെന്നും എന്നാല്‍ മരണത്തിന് ശേഷം മറ്റുള്ളവരുടെ മനസില്‍ ജീവിക്കുന്നവരാണ് അവരെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ളവരുടെ കഥ എല്ലാവരും സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. അമരന്റെ 100ാം ദിവസത്തിന്റെ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘അമരന്‍ എന്ന സിനിമ വളരെ നല്ല രീതിയിലാണ് രാജ്കുമാര്‍ ഒരുക്കിയത്. അഭിനയിച്ചവരും അവരുടെ ഭാഗം ഗംഭീരമാക്കി. എന്നാല്‍ ആ സിനിമ വിതരണത്തിന് കൊടുക്കുന്ന സമയത്ത് ചെറിയൊരു പ്രശ്‌നമുണ്ടായി. ക്ലൈമാക്‌സില്‍ നായകന്‍ മരിക്കുന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി അവര്‍ക്ക് വന്നു. സിനിമ വിജയിക്കുമോ എന്നായിരുന്നു അവരുടെ സംശയം.
ജനിച്ചുകഴിഞ്ഞാല്‍ മരണം തീര്‍ച്ചയാണ്. അതിനെ ആര്‍ക്കും മാറ്റാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഗാന്ധിയും ബുദ്ധനും മരിച്ചവരാണല്ലോ. അവര്‍ ഇപ്പോഴും പലരുടെയും മനസില്‍ ഇല്ലേ എന്നും ഞാന്‍ ചോദിച്ചു. അങ്ങനെയുള്ളവരുടെ കഥ എങ്ങനെയായാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ സിനിമയില്‍ എന്റെ ഏറ്റവും വലിയ വിശ്വാസവും അതായിരുന്നു,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan says he had very much confidence on Amaran movie