| Sunday, 12th February 2023, 7:39 pm

ജാതിയാണ് എന്റെ എക്കാലത്തെയും ശത്രു; ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം: കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. 21ാം വയസ് മുതല്‍ താന്‍ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

സംവിധായകന്‍ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കള്‍ച്ചറല്‍ സെന്ററിന്റെ പുതിയ പദ്ധതിയായ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘എന്റെ ഏറ്റവും വലിയ എതിരാളി, എന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ജാതിവ്യവസ്ഥയാണ്. 21ാം വയസ് മുതല്‍ ഞാന്‍ ഇത് തന്നെയാണ് പറയുന്നത്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ ഈ നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മള്‍ സൃഷ്ടിച്ച ഒരു കാര്യം നമ്മളെ തന്നെ ആക്രമിക്കുന്ന അവസ്ഥയിലെത്തിയാല്‍ അതിനെ സ്വീകരിക്കാന്‍ നമുക്കാകില്ല,’ കമല്‍ ഹാസന്‍ പറഞ്ഞു.

ആര്‍ട്ട് സിനിമകളെ മുഖ്യധാര സിനിമകളുടേത് പോലെ തന്നെ ജനകീയമാക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച വ്യക്തിയാണ് പാ. രഞ്ജിത്തെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ നീലം ബുക്‌സിലൂടെ പ്രസിദ്ധീകരിക്കൂവെന്നാണ് പാ.രഞ്ജിത്ത് ചടങ്ങില്‍ പറഞ്ഞത്. ജനങ്ങളെ രാഷ്ട്രീയപരമായി ബോധവാന്മാരും ഉത്തരവാദിത്തബോധമുള്ളവരുമാക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈറോഡ് ഈസ്റ്റ് ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.വി.കെ.എസ് ഇളങ്കോവന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമല്‍ ഹാസന്‍.

ഗാന്ധി സിലൈ കരുങ്കല്‍ പാളയം, സുറാംപെട്ടി നാല്‍റോഡ്, സമ്പത്ത് നഗര്‍, വീരപ്പന്‍ ചത്തിരം, അഗ്രഹാരം എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലായിരിക്കും താന്‍ പ്രചാരണത്തിനെത്തുകയെന്ന് കമല്‍ ഹാസന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

നേരത്തെ കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലും കമല്‍ ഹാസന്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും തമ്മില്‍ വിവിധ ദേശീയ വിഷയങ്ങളെ കുറിച്ച് നടത്തിയ ചര്‍ച്ച വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Kamal Haasan says Caste is his biggest rival

We use cookies to give you the best possible experience. Learn more