ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല.
അഞ്ച് ദേശീയ അവാര്‍ഡും, നിരവധി സംസ്ഥാന അവാര്‍ഡും നേടിയ കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ്. 1980ല്‍ പുറത്തിറങ്ങിയ ഗുരു എന്ന ചിത്രത്തിലാണ് കമല്‍ ഹാസന്‍ ആദ്യമായി തിരക്കഥ എഴുതിയത്. പിന്നീട് ഒട്ടനവധി ചിത്രങ്ങള്‍ക്ക് താരം തിരക്കഥ രചിച്ചിട്ടുണ്ട്.
തിരക്കഥാ രചനയില്‍ തനിക്ക് പ്രചോദനമായ എഴുത്തുകാരനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. തമിഴിലെ വിഖ്യാത നോവലിസ്റ്റും, ഒട്ടനവധി സിനിമകള്‍ക്ക് കഥയും സംഭാഷണവുമെഴുതിയ സുജാത (എസ്.രംഗരാജന്‍)യുടെ എഴുത്തുകളാണ് തന്നെ എഴുത്തിലേക്ക് ആകര്‍ഷിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
സുജാതയുടെ എഴുത്തുകള്‍ വായിച്ചില്ലായിരുന്നെങ്കില്‍ കമല്‍ ഹാസന്‍ എന്ന തിരക്കഥാകൃത്ത് ഉണ്ടാകില്ലായിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ ഫാന്‍സ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സുജാത എന്ന നോവലിസ്റ്റുമായി പണ്ടുമുതല്‍ക്കേ പരിചയമുണ്ട്. എന്റെ ജ്യേഷ്ഠന്‍ ചാരുഹാസന്റെ സുഹൃത്താണ് സുജാത. പുള്ളി ഓരോ മാസികക്ക് വേണ്ടി എഴുതുന്ന നോവലുകളുടെ ഫസ്റ്റ് കോപ്പിയും കൊണ്ട് വീട്ടിലേക്ക് വരും. അതൊക്കെ ആദ്യമേ വായിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.
അന്ന് വായിച്ച കഥകളാണ് പിന്നീട് എനിക്ക് എഴുതാനുള്ള ഇന്‍സ്പിറേഷനായത്. ഒരു തിരക്കഥ എഴുതണമെന്നുള്ള ആഗ്രഹം എന്റെയുള്ളില്‍ വന്നത് സുജാത കാരണമാണ്. അദ്ദേഹത്തിന്റെ രചനകള്‍ ഇല്ലായിരുന്നെങ്കില്‍ കമല്‍ ഹാസന്‍ എന്ന തിരക്കഥാകൃത്ത് ഉണ്ടാവില്ലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan saying that Novelist Sujatha was the inspiration for script writing