| Thursday, 4th July 2024, 8:30 pm

മലയാള സിനിമ നെടുമുടി വേണുവിനെ വേണ്ട രീതിയില്‍ പരിഗണിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രണ്ടാം ഭാഗത്തോടൊപ്പം മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം കഴിഞ്ഞെന്നും അടുത്ത വര്‍ഷം ഇന്ത്യന്‍ 3 തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചത് വാര്‍ത്തയായിരുന്നു.

നെടുമുടി വേണു ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരില്‍ ഒരാളായിരുന്നുവെന്ന് പറയുകയാണ് കമല്‍ ഹാസന്‍. എന്നാല്‍ ക്യാരക്ടര്‍ റോളുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് മലയളത്തിന് പുറത്ത് വേണ്ട പരിഗണന ലഭിക്കാതെ പോയ നടനാണ് നെടുമുടി വേണുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ബോളിവുഡിലെ എക്കാലത്തെയും മികച്ച നടനായ ബല്‍രാജ് സാഹ്നിയെപ്പോലെയാണ് നെടുമുടി വേണുവെന്ന് താരം പറഞ്ഞു.

ലീഡ് റോളിലേക്ക് ശ്രദ്ധ നല്‍കാതെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താത്പര്യപ്പെട്ടതുകൊണ്ടാണ് നെടുമുടി വേണുവിനെ വേണ്ട രീതിയില്‍ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ കിട്ടാത്തതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റില്‍ ഞാന്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന നടനാണ് നെടുമുടി വേണു. കരിയറില്‍ ഉടനീളം നായകവേഷം ചെയ്യാതെ ക്യാരക്ടര്‍ റോളുകളില്‍ മാത്രം ശ്രദ്ധ നല്‍കിയതുകൊണ്ട് ഇന്ത്യന്‍ സിനിമ ആഘോഷിക്കാതെ പോയ നടനാണ് അദ്ദേഹം. ബോളിവുഡിലെ എക്കാലത്തെയും മികച്ച നടനായ ശ്രീ ബല്‍രാജ് സാഹ്നിയും ഇതുപോലെയായിരുന്നു. വേണ്ട പരിഗണന അദ്ദേഹത്തിനും ലഭിച്ചിരുന്നില്ല.

ഒരുപക്ഷേ നായകവേഷങ്ങള്‍ ചെയ്യാതെ ക്യാരക്ടര്‍ റോളുകള്‍ മാത്രം ചെയ്യുക എന്നുള്ളത് അദ്ദേഹത്തിന്റെ ഇഷ്ടമായിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തെ നായകനാക്കിയുള്ള സബ്ജക്ടുകള്‍ മലയാളം ഇന്‍ഡസ്ട്രി ഉണ്ടാക്കാത്തതായിരിക്കാം. മലയാള സിനിമ പോലും അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അദ്ദേഹത്തിന്റെ നഷ്ടം നികത്താനാകാത്തതാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan saying that Nedumudi Venu is one of  the best artist in Indian Cinema

We use cookies to give you the best possible experience. Learn more