ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല.
താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു 2013ല്‍ റിലീസായ വിശ്വരൂപവും, 2022ല്‍ റിലീസായ വിക്രവും. രണ്ട് സിനിമകളിലെയും പ്രധാന സീനുകള്‍ മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടുത്തതാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. മഹാഭാരതത്തെ പവിത്രമായ ഗ്രന്ഥമായി കാണാതെ അതിനെ വെറും കഥയായാണ് താന്‍ കാണുന്നതെന്നും താരം പറഞ്ഞു.
മഹാഭാരതത്തില്‍ വിരാടയുദ്ധത്തില്‍ അഞ്ജാതവാസത്തിന് ശേഷം അര്‍ജുനന്‍ യുദ്ധത്തിന് പങ്കെടുക്കുന്ന ഭാഗമാണ് വിശ്വരൂപത്തിലെ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീനിനും, വിക്രത്തിലെ ഇന്റര്‍വല്‍ സീനിനും കാരണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. 2000 വര്‍ഷം മുമ്പ് എഴുതിയ കഥയിലെ പ്രധാന ഭാഗം ഇന്നും പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ സാധിക്കുമെന്ന് ആ രണ്ട് സിനികളിലൂടെ താന്‍ തെളിയിച്ചുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘വിക്രം സിനിമയിലെ ഇന്റര്‍വല്‍ സീന്‍ ആയിക്കോട്ടെ, വിശ്വരൂപത്തില്‍ വിസാം ആരാണെന്ന് കാണിക്കുന്ന സീന്‍ ആയിക്കോട്ടെ രണ്ടിനും പ്രചോദനമായത് മഹാഭാരതത്തിലെ ഒരു ഭാഗമാണ്. അജ്ഞാതവാസത്തില്‍ സ്ത്രീവേഷത്തില്‍ കഴിയുന്ന അര്‍ജുനന്‍ യുദ്ധത്തിന്റെ സമയത്ത് യോദ്ധാവായി മാറുന്ന ഒരു ഭാഗമുണ്ട്. ഇനി സ്ത്രീവേഷത്തില്‍ ഒളിച്ചിരിക്കേണ്ട എന്ന് തീരുമാനിച്ചാണ് അര്‍ജുനന്‍ യുദ്ധത്തിനിറങ്ങുന്നത്.
അതിനെയെല്ലാം വിശുദ്ധമായി കാണാതെ കഥകളായി സമീപിച്ചതുകൊണ്ടാണ് ആ രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഭാഗം സിനിമാരൂപത്തില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ അത് എന്‍ജോയ് ചെയ്യുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആ സീനുകള്‍ക്ക് കിട്ടിയ കൈയടികള്‍. അതെല്ലാം കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan saying that interval scene of Vikram was inspired from Mahabharatha