പ്രേം നസീറിന്റെ 500 സിനിമകള്‍ എന്ന റെക്കോഡ് മോഹന്‍ലാല്‍ തകര്‍ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കമല്‍ ഹാസന്‍
Entertainment
പ്രേം നസീറിന്റെ 500 സിനിമകള്‍ എന്ന റെക്കോഡ് മോഹന്‍ലാല്‍ തകര്‍ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st May 2024, 5:15 pm

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ 64ാം പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകളുമായി സിനിമാ സാംസ്‌കാരിക ലോകം. 44 വര്‍ഷത്തെ അഭിനയജീവിതത്തില്‍ 350ലധികം സിനിമകളില്‍ അഭിനയിക്കുകയും നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡുകളും സ്വന്തമാക്കിയ താരമാണ് മോഹന്‍ലാല്‍. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ കിരീടത്തിലൂടെ പ്രശസ്തമായ പാലം ടൂറിസം സ്‌പോട്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ പലരും താരത്തിന് ആശംസയുമായി രംഗത്തെത്തി. പല തരത്തിലുള്ള ആസ്വാദന നിലവാരമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ 400നടുത്ത് സിനിമകളില്‍ അഭിനയിക്കുന്നത് ചെറിയ കാര്യമല്ലെന്നും 500 സിനിമകളിലഭിനയിച്ച പ്രേം നസീറിന്റെ റെക്കോഡ് മോഹന്‍ലാല്‍ തകര്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘പല തരത്തിലുള്ള ആസ്വാദന നിലവാരമുള്ള പ്രേക്ഷകര്‍ക്കിടയില്‍ നാല്‍പ്പത് വര്‍ഷമായി മനുഷ്യനെ നയിക്കുക. അതും 400 സിനിമകളില്‍! ചിലര്‍ക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കാം. എന്നാല്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് പ്രേം നസീറിന്റെ 500 സിനിമകളുടെ റെക്കോര്‍ഡ് അദ്ദേഹം മറികടക്കുമെന്നാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എന്റെ ആശംസകളാണിത്. മിസ്റ്റര്‍ മോഹന്‍ലാല്‍, ഇനിയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു,’ കമല്‍ ഹാസന്‍ പറഞ്ഞു.

ഇരുവരുടെയും സിനിമാ കരിയറില്‍ ഒരൊറ്റ തവണ മാത്രമേ രണ്ടുപേരും ഒരുമിച്ച് സിനിമ ചെയ്തിട്ടുള്ളൂ. ചക്രി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. സിനിമയില്‍ രണ്ടുപേരും ഒരു സീനില്‍ മാത്രമേ മുഖാമുഖം കാണുന്നുള്ളൂ. രണ്ടുപേരുടെയും കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഉന്നൈപ്പോല്‍ ഒരുവന്‍.

Content Highlight: Kamal Haasan saying that he wish to see that Mohanlal break the record of 500 films