മൂന്നാഴ്ച കൊണ്ട് ഒരു സിനിമ ചെയ്ത് തീര്‍ക്കുന്ന മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ് ഞാന്‍ വരുന്നത്; വൈറലായി കമല്‍ ഹാസന്റെ പഴയ അഭിമുഖം
Entertainment
മൂന്നാഴ്ച കൊണ്ട് ഒരു സിനിമ ചെയ്ത് തീര്‍ക്കുന്ന മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ് ഞാന്‍ വരുന്നത്; വൈറലായി കമല്‍ ഹാസന്റെ പഴയ അഭിമുഖം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 11:08 am

ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമാണ് കമല്‍ ഹാസന്‍. ആറാം വയസില്‍ തുടങ്ങിയ സിനിമാജീവിതത്തില്‍ കമല്‍ കൈവെക്കാത്ത മേഖലകളില്ല. ബാലതാരമായി സിനിമാജീവിതം ആരംഭിച്ച താരം 200ലധികം സിനിമകളില്‍ അഭിനയിച്ചു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എ.ഡി എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ താരം വില്ലനായി എത്തുന്നു എന്ന വാര്‍ത്ത സിനിമാലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. അമേരിക്കയിലെ സാന്‍ ഡിയോഗോ കോമിക് കോണില്‍ ഉള്‍പ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

കോമിക് കോണ്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കമലും സംവിധായകന്‍ നാഗ് അശ്വിനും നല്‍കിയ അഭിമുഖത്തില്‍ കമല്‍ സംസാരിച്ച കാര്യം ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഒരു സിനിമക്ക് വേണ്ടി പല ഇന്‍ഡസ്ട്രികളും വര്‍ഷങ്ങളോളം നീക്കി വെക്കുമ്പോള്‍ 23 ദിവസം കൊണ്ട് ഒരു സിനിമ ചെയ്ത് തീര്‍ത്തിരുന്ന മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ് താന്‍ വരുന്നതെന്നാണ് കമല്‍ പറഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ മുഴുവന്‍ സംസാരിക്കപ്പെട്ട ഒരു ഇന്‍ഡസ്ട്രിയെക്കുറിച്ച് കമല്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ഇപ്പോള്‍ പല ഇന്‍ഡസ്ട്രികളും ഒരു സീനെടുക്കാന്‍ ഏഴും എട്ടും ദിവസം ചെലവഴിക്കാറുണ്ട്. എന്നാല്‍ മൂന്നാഴ്ച കൊണ്ട് ഒരു സിനിമ ചെയ്ത് തീര്‍ത്തിരുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. മലയാളം സിനിമാ ഇന്‍ഡസ്ട്രിയാണത്. കൂടിപ്പോയാല്‍ 23 ദിവസം, അതിനുള്ളില്‍ അവര്‍ ഒരു മുഴുനീള സിനിമ ഷൂട്ട് ചെയ്ത് തീര്‍ക്കും.

അതിന് വേണ്ടി മുഴുവന്‍ ടെക്‌നീഷ്യന്മാരും അവരുടെ 100 ശതമാനവും സമര്‍പ്പിക്കാറുണ്ട്. ഞങ്ങളെപ്പോലുളളവര്‍ അതിന് വേണ്ടി സ്വയം തയാറാകാറുണ്ട്. ഒരു ദിവസം 12 മണിക്കൂര്‍ വരെ സിനിമക്കായി മാറ്റി വെക്കുന്ന സമയമായിരുന്നു അത്. ഇപ്പോള്‍ ആ അവസ്ഥ ചെറുതായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഇത്രയും ആത്മാര്‍ത്ഥതയോടെ അന്നത്തെക്കാലത്ത് സിനിമ ചെയ്യുന്ന ആളുകള്‍ വേറെ ഉണ്ടായിരുന്നില്ല. അന്ന് അവര്‍ കഷ്ടപ്പെട്ടതിന് ഇപ്പോഴാണ് റിസല്‍ട്ട് കിട്ടുന്നത്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal Haasan saying that  he feels proud that he comes from Malayalam film industry