ദൈവമില്ലാതെ 54 വര്‍ഷം ജീവിക്കാന്‍ എനിക്ക് പറ്റും, എനിക്ക് ഏറ്റവും ശക്തി തരുന്നത് മറ്റൊന്നാണ്: കമല്‍ ഹാസന്‍
Entertainment
ദൈവമില്ലാതെ 54 വര്‍ഷം ജീവിക്കാന്‍ എനിക്ക് പറ്റും, എനിക്ക് ഏറ്റവും ശക്തി തരുന്നത് മറ്റൊന്നാണ്: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th July 2024, 10:01 am

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരം തന്റെ കരിയറില്‍ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വര്‍ഷത്തെ കരിയറില്‍ 230ലധികം ചിത്രങ്ങളില്‍ അഭിനയിച്ച കമല്‍ ഹാസന്‍ സിനിമയില്‍ കൈ വെക്കാത്ത മേഖലകളില്ല.

സിനിമകളിലൂടെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും താരം പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. താനൊരു നിരീശ്വരവാദിയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള താരത്തിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദൈവമില്ലാതെ 54 വര്‍ഷത്തോളം ജീവിച്ചയാളാണ് താനെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

സ്വന്തം ജീവിതം കൊണ്ടാണ് താന്‍ ഇക്കാര്യം തെളിയിച്ചതെന്നും എന്നാല്‍ മനുഷ്യരില്ലാതെ തനിക്ക് സര്‍വൈവ് ചെയ്യാന് കഴിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രേക്ഷകരാണ് തനിക്ക് എക്കാലവും ജീവിക്കാനുള്ള പ്രേരണയെന്നും അവരില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ദൈവമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചയാളാണ് ഞാന്‍. 54 വര്‍ഷത്തിലധികമായി ദൈവമില്ലാതെയാണ് ഞാന്‍ ജീവിക്കുന്നത്. പക്ഷേ എനിക്ക് മനുഷ്യരില്ലാതെ ജീവിക്കാന്‍ കഴിയില്ല. ചുറ്റിലും മനുഷ്യരില്ലെങ്കില്‍ എങ്ങനെ സര്‍വൈവ് ചെയ്യുമെന്ന് എനിക്കറിയില്ല. ഉറങ്ങുന്ന സമയത്ത് പോലും ഞാന്‍ മനുഷ്യരെയാണ് സ്വപ്‌നം കാണുന്നത്. പ്രേക്ഷകരാണ് എന്റെ ഏറ്റവും വലിയ ശക്തി,’ കമല്‍ ഹാസന്‍ പറഞ്ഞു.

36 വര്‍ഷത്തിന് ശേഷം ഷങ്കറും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയാണ് ഇന്ത്യന്‍ 2വിനുള്ളത്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുകയായിരുന്നു. രണ്ടാം ഭാഗത്തോടൊപ്പം മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലും ഒരുങ്ങുന്ന ചിത്രം ജൂലൈ 12ന് തിയേറ്ററുകളിലെത്തും.

Content Highlight: Kamal Haasan saying that he cannot survive without audience