'മാറ്റം ആഗ്രഹിക്കുന്നവര്‍, സിസ്റ്റം ശരിയല്ലെന്നും എല്ലാവരും കള്ളന്മാരാണെന്നും പറയുന്നവര്‍', പക്ഷേ ഇവരുടെ കയ്യില്‍ ഒരു വോട്ടര്‍ ഐ.ഡി പോലുമില്ല: കമല്‍ഹാസന്‍
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.
വോട്ട് ചെയ്യാന്‍ യോഗ്യരായ എല്ലാവരും ഇത്തവണ സമ്മതിദായ അവകാശം വിനിയോഗിക്കണമെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. ട്വിറ്ററില്‍ പോസ്റ്റു ചെയ്ത രണ്ടര മിനുട്ട് വരുന്ന വീഡിയോയിലാണ് വോട്ടര്‍മാരോടുള്ള കമല്‍ഹാസന്റെ അഭ്യര്‍ത്ഥന.
ഇതുവരെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് അത് ചെയ്യണമെന്നും ഈ മാസം അവസാനം ആരംഭിക്കുന്ന പ്രത്യേക ക്യാമ്പുകള്‍ വഴി വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ എടുക്കണമെന്നും കമല്‍ഹാസന്‍ പറയുന്നു.
‘ഒരു വോട്ടര്‍ ആവുക എന്നത് 18 വയസ്സിന് മുകളിലുള്ളവരെ സംബന്ധിച്ച് ഒരു ബഹുമതിയാണ്. ഇതിലുപരി ഒരു വോട്ടര്‍ ഐ.ഡി എന്നത് ഒരു വലിയ ആയുധം കൂടിയാണ്. ഉത്തരവാദിത്തം നിറവേറ്റാത്ത ഒരു സമൂഹം സ്വയമേവ അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്.
മാറ്റം ആഗ്രഹിക്കുന്നവര്‍, സിസ്റ്റം ശരിയല്ലെന്ന് പറയുന്നവര്‍, എല്ലാവരും കള്ളന്മാരാണെന്ന് പറയുന്നവര്‍.. ഇവര്‍ക്ക് ഒരു വോട്ടര്‍ ഐഡി ഇല്ല എന്നതാണ്’, കമല്‍ഹാസന്‍ വീഡിയോയില്‍ പറയുന്നു.
‘ഞാന്‍ മാറും, ഞാന്‍ വോട്ട് ചെയ്യും,’ എന്നതായിരിക്കണം ‘2021 ലെ വോട്ടെടുപ്പിലെ നിങ്ങളുടെ മുദ്രാവാക്യമെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം യുവാക്കളേയും സ്ത്രീകളേയും നിഷ്പക്ഷ വോട്ടര്‍മാരേയുമാണ് കമല്‍ഹാസന്‍ ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന.
മെയ് മാസത്തിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഇതിഹാസങ്ങളായിരുന്ന എം കരുണാനിധി, ജെ ജയലളിത എന്നിവരുടെ മരണശേഷം നടക്കുന്ന ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 2018 ഫെബ്രുവരിയില്‍ സ്ഥാപിതമായ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പുമാണ് ഇത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക