സിനിമാ പ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ക്കൊപ്പം ദേശീയ സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും ഷങ്കറും ഒന്നിക്കുമ്പോള്‍ ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന രണ്ടാം ഭാഗമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചു നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വലതുപക്ഷത്തിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചുകൊണ്ടാണ് കമല്‍ സംസാരിച്ചത്. താന്‍ തമിഴനാണെന്നും ഇന്ത്യന്‍ എന്നുള്ളത് തന്റെ അടയാളമാണെന്നും താരം പറഞ്ഞു. ആളുകളെ തമ്മിലടിപ്പിച്ച് കളിക്കാമെന്നുള്ള ചിലരുടെ വിചാരം ഇന്ത്യയില്‍ നടക്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ തമിഴനാണ്, ഇന്ത്യന്‍ എന്നുള്ളത് എന്റെ അടയാളമാണ്. ഇവിടെ ആളുകളെ തമ്മിലടിപ്പിടച്ച് കളിക്കാമെന്ന് വിചാരിച്ചാല്‍ ഇന്ത്യയില്‍ അത് നടക്കില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ നാടും ഒന്നാണ്. എല്ലാ ആളുകളും ഞങ്ങളുടെ ബന്ധുക്കളാണ്.
ഇവിടേക്ക് വരുന്ന എല്ലാവരെയും ഞങ്ങള്‍ നല്ല രീതിയില്‍ സ്വീകരിക്കും. തമിഴന് എപ്പോഴാണ് സമാധനപരമായി ഇരിക്കേണ്ടതെന്ന് അറിയാം. എവിടെയാണ് ഇരിക്കേണ്ടതെന്നും ഞങ്ങള്‍ക്ക് അറിയാം,’ കമല്‍ ഹാസന്‍ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റ് മൂവീസിന്റെയും ബാനറില്‍ സുബാസ്‌കരനും, ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019ല് അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോവുകയായിരുന്നു. കമല്‍ ഹാസന് പുറമെ സിദ്ധാര്‍ത്ഥ്, എസ്.ജെ. സൂര്യ, സമുദ്രക്കനി, ബോബി സിംഹ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, വിവേക് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
Content Highlight: Kamal Haasan’s speech in Indian 2 audio launch going viral