സിനിമകളെക്കുറിച്ചും സംവിധായകരെക്കുറിച്ചും നല്ല ദീര്‍ഘവീക്ഷണമുള്ളയാളാണ് കമല്‍ ഹാസനെന്ന് പലരും പറയാറുണ്ട്. ഇന്ന് എല്ലാവരും പിന്തുടരുന്ന ഒ.ടി.ടി റിലീസിനെപ്പറ്റി പത്തുവര്‍ഷം മുമ്പ് സംസാരിച്ചയാളാണ് കമല്‍ ഹാസന്‍. ഇപ്പോഴിതാ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന മഹാരാജയുടെ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥനെപ്പറ്റി കമല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
നിതിലന്റെ ആദ്യ ഷോര്‍ട്ട് ഫിലിം ‘പുന്നഗൈ വാങ്കിനാല്‍ കണ്ണീര്‍ ഇലവസം’ കണ്ട അനുഭവത്തെക്കുറിച്ച് കമല്‍ രണ്ട് അഭിമുഖങ്ങളില്‍ സംസാരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്. 2013-14 കാലഘട്ടത്തില്‍ വിശ്വരൂപം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറയുന്നത്.
നിതിലന്റെ പുതിയ ഷോര്‍ട്ട് ഫിലിം തന്നെ അത്ഭുതപ്പെടുത്തിയെന്നും അവന്‍ ഭാവിയില്‍ സിനിമയിലെത്തുമെന്നും കമല്‍ പറയുന്നുണ്ട്. സിനിമയെക്കുറിച്ച് ആരെങ്കിലും കുറച്ചുകൂടെ പഠിപ്പിച്ചുകൊടുത്താല്‍ തീര്‍ച്ചയായും മുന്‍നിരയിലേക്ക് കടന്നുവരുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
‘സമീപകാലത്ത് ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ ഞാന്‍ കാണുന്നുണ്ട്. അതിലൊന്നാണ് ‘പുന്നഗൈ വാങ്കിനാല്‍ കണ്ണീര്‍ ഇലവസം’. കലൈഞ്ജര്‍ ടി.വി നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായാണ് ഞാനത് കണ്ടത്. നിതിലന്‍ എന്ന പയ്യനാണ് ആ ഷോര്‍ട്ട് ഫിലിം ചെയ്തിരിക്കുന്നത്. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ഷോര്‍ട്ട് ഫിലിമാണത്.
ഫിലിം മേക്കിങ്ങില്‍ അവന് അധികം ട്രെയിനിങ് ലഭിച്ചിട്ടില്ല. മൂന്ന് വര്‍ഷം ആരെങ്കിലും അവന് കൃത്യമായ പരിശീലനം നല്‍കിയാല്‍ തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എല്ലാം അറിയാമെന്ന് അഹങ്കാരമൊന്നും അവനില്‍ ഞാന്‍ കാണുന്നില്ല, നല്ല ഭാവിയുള്ള പയ്യനാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan’s old interview praising Nithilan Swaminathan is going viral