|

നായകന്‍ പ്രഭാസാണെങ്കിലും എല്ലാവരും ചര്‍ച്ച ചെയ്യുന്നത് വില്ലനെക്കുറിച്ച്, കല്‍ക്കി ട്രെയ്‌ലറിന് പിന്നാലെ ചര്‍ച്ചയായി ഉലകനായകന്റെ മേക്ക് ഓവര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. പേര് സൂചിപ്പിക്കുനനതുപോലെ 2898ല്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍, ദിശാ പഠാനി, പശുപതി, ശോഭന തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ വില്ലനായി എത്തുന്നത് ഉലകനായകന്‍ കമല്‍ ഹാസനാണ്. ഇതിന് മുമ്പ് പുറത്തു വിട്ട ടീസറിലോ ഗ്ലിംപ്‌സിലോ കമല്‍ ഹാസന്റെ മുഖം കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് റിലീസ് ചെയ്ത ട്രെയ്‌ലറിന് പിന്നാലെ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് കമല്‍ ഹാസന്റെ മേക്ക് ഓവറാണ്.

പ്രൊസ്‌തെറ്റിക് മേക്കപ്പ് ചെയ്ത് കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തിലാണ് കമല്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടത്.വെറും 25 മിനിറ്റ് മാത്രമുള്ള കഥാപാത്രമാണ് കമല്‍ ഹാസന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദശാവതാരത്തിന് ശേഷം കമല്‍ ഹാസന്‍ ചെയ്യുന്ന വില്ലന്‍ വേഷമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര അണിനിരക്കുന്ന ചിത്രം മെയ് 25ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ജൂണിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാനി, വിജയ് ദേവര്‍കൊണ്ട എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് റൂമറുകള്‍ ഉണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Content Highlight: Kamal Haasan’s makeover in Kalki 2898 AD is going viral after trailer release