ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ആറാം വയസില്‍ തന്നെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ കമല്‍ ഹാസന്‍, തന്റെ ജീവിതത്തിന്റെ പകുതിയിലധികവും ചെലഴിച്ചത് സിനിമക്ക് വേണ്ടി മാത്രമാണ്. ബാലതാരമായി ഒട്ടനവധി സിനിമകളിലഭിനയയിച്ച താരം പിന്നീട് അസിസ്റ്റന്റ് കൊറിയോഗ്രാഫറായി സിനിമയില്‍ ചെലവിട്ടു.
കമല്‍ ഹാസനെ ആദ്യമായി നായകനാക്കിയത് മലയാളം ഇന്‍ഡസ്ട്രിയാണ്. പിന്നീട് തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ കെ. ബാലചന്ദര്‍ കമലിന്റെ ഉള്ളിലെ നടനെ ആളിക്കത്തിച്ചു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ഒരേസമയം സൂപ്പര്‍ഹീറ്റ് ചിത്രങ്ങളിലെ നായകനായി മാറാന്‍ കമലിന് സാധിച്ചു.
ഇന്ത്യയിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ കമല്‍ ഹാസനാണെന്ന് പറയാം. എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കലാകാരന്‍ കമലിന്റെയുള്ളിലുണ്ട്. നായകനായി നിന്നാല്‍ തന്റെ കൂടെയുള്ള ആര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ പറ്റാത്ത പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്ന കമല്‍ വില്ലന്‍ വേഷം ചെയ്തപ്പോഴും ആരാധകരെ അമ്പരിപ്പിച്ചിട്ടേയുള്ളൂ. നായകനായി കത്തി നില്‍ക്കുന്ന സമയത്ത് മുഴുനീള വില്ലന്‍ വേഷം ചെയ്ത് മൊത്തം സിനിമാ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിട്ടുണ്ട്.
1978ല്‍ ഭാരതിരാജയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തില്‍ കമല്‍ ചെയ്ത മുഴുനീള നെഗറ്റീവ് കഥാപാത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട പെര്‍ഫോമന്‍സുകളിലൊന്നാണ്. ഇന്ത്യയെ ഞെട്ടിച്ച രാമന്‍ രാഘവ് എന്ന സൈക്കോ കൊലയാളിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാരതിരാജ സൃഷ്ടിച്ച ദിലീപ് എന്ന കഥാപാത്രം കമല്‍ ഹാസന് നിരവധി പ്രശംസകള്‍ നേടിക്കൊടുത്തു.
പിന്നീട് താരം വില്ലനായി വന്നത് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ആളവന്താനിലാണ്. കമല്‍ ഹാസന്‍ തിരക്കഥയെഴുതിയ ചിത്രത്തിലെ നന്ദു എന്ന കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സൈക്കോ കഥാപാത്രങ്ങളിലൊന്നാണ്. നോക്കിലും വാക്കിലും വില്ലനിസം നിഴലിക്കുന്ന നന്ദുവിന്റെ മാനറിസങ്ങള്‍ കമല്‍ ഹാസന്‍ ചെയ്ത് ഫലിപ്പിച്ച വിധം അഭിനന്ദനാര്‍ഹമാണ്. അന്നത്തെ പ്രേക്ഷകര്‍ കൈവിട്ട ആളവന്താന്‍ കാലങ്ങള്‍ക്കിപ്പുറം ക്ലാസിക്കായി പലരും വാഴ്ത്തുന്നുണ്ട്.
ലോകസിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ ദശാവതാരത്തില്‍ പത്ത് വ്യത്യസ്ത വേഷം ചെയ്ത് കമല്‍ ഞെട്ടിച്ചപ്പോള്‍ അതിലൊന്ന് വില്ലന്‍ കഥാപാത്രമായിരുന്നു. പുരാണത്തിലെ പരശുരാമനില്‍ നിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ച ഫ്‌ളച്ചര്‍ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. സ്വന്തം മരണം സ്വയം നടപ്പിലാക്കിയ വില്ലനായ ഫ്‌ളച്ചര്‍ ഒരിടത്തുപോലും നായകന് മുന്നില്‍ തോല്‍ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം മഹാഭാരതവും ഭാവികാലവും പ്രമേയമാക്കി നാഗ് അശ്വിന്‍ കല്‍ക്കി എന്ന ബ്രഹ്‌മാണ്ഡ ചിത്രം ഒരുക്കിയപ്പോള്‍ വെറും മിനിറ്റുകള്‍ മാത്രമുള്ള വില്ലന്‍ വേഷം ചെയ്തുകൊണ്ട് കമല്‍ ഹാസന്‍ വീണ്ടും ഞെട്ടിച്ചു. എല്ലാം നശിക്കാറായ ഭൂമിയെയും എല്ലാ സ്രോതസ്സുകളും കൈക്കലാക്കിയ കോംപ്ലക്‌സ് എന്ന നഗരത്തെയും ഭരിക്കുന്ന സുപ്രീം യാസ്‌കിന്‍ എന്ന കഥാപാത്രം സിനിമയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.
അടുത്ത ഭാഗത്തില്‍ യാസ്‌കിന്‍ എന്ന കഥാപാത്രത്തിന്റെ വിശ്വരൂപം കാണാന്‍ പോകുന്നതേയുള്ളൂ എന്ന സൂചനയില്‍ കല്‍ക്കി അവസാനിക്കുമ്പോള്‍ ജവാന്‍ എന്ന സിനിമയില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ ഡയലോഗാണ് മനസില്‍ വന്നത്. ‘നാന്‍ വില്ലനാ വന്താല്‍ എന്‍ എതിരിലെ എന്ത ഹീറോവാലെയും നിക്ക മുടിയാതാ രാജാ’ തന്റെ 67ാം വയസിലും ഇദ്ദേഹം സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടേയിരിക്കുകയാണ്.
Content Highlight: Kamal Haasan’s iconic Villain characters