ഇന്ത്യന്‍ സിനിമയിലെ സകലകാല റെക്കോഡും തകര്‍ത്ത് മുന്നേറിയ ചിത്രമായിരുന്നു രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി 2. മലയാളം ഒഴികെ ബാക്കി എല്ലായിടത്തും ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി. തമിഴില്‍ ബാഹുബലി 2 ഇട്ട കളക്ഷന്‍ റെക്കോഡ് തകര്‍ക്കാന്‍ രജിനികാന്ത്, വിജയ്, അജിത് തുടങ്ങിയ താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആ റെക്കോഡ് തകര്‍ത്തത്. അത് ചെയ്തതാവട്ടെ നാല് വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ഒരു നടനും.
അയാളുടെ പേര് കമല്‍ ഹാസനെന്നായിരുന്നു. തമിഴ്‌നാട് തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തള്ളിക്കളഞ്ഞ ഒരു നടന്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേടിയത് വലിയ വാര്‍ത്തയായിരുന്നു. അതും സിനിമയില്‍ നിന്ന് മാറി നിന്ന ഒരു നടന്‍. എന്നാല്‍ അവര്‍ മറന്നുപോയ ചരിത്രം കമല്‍ ഹാസന്‍ വിക്രമിലൂടെ ഓര്‍മപ്പെടുത്തുകയായിരുന്നു.
ഇന്ന് പല നടന്മാരും പാന്‍ ഇന്ത്യന്‍ ആകാന്‍ ശ്രമിക്കുമ്പോള്‍ 40 വര്‍ഷം മുമ്പേ യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയിരുന്ന കാലം കമല്‍ ഹാസനുണ്ടായിരുന്നു. 1977 മുതല്‍ 82 വരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളില്‍ സിനിമ ചെയ്യുകയും അതെല്ലാം ഹിറ്റാക്കുകയും ചെയ്ത നടനാണ് കമല്‍. ആ ലെവലിലേക്ക് മറ്റൊരു നടനും പിന്നീട് എത്താന്‍ സാധിച്ചിട്ടില്ല എന്നത് എടുത്തപറയേണ്ട കാര്യമാണ്.
തെലുങ്കില്‍ ചിരഞ്ജീവി, ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് ഒരുകാലത്ത് വലിയ വെല്ലുവിളി ഉയര്‍ത്തിയ നടനായിരുന്നു കമല്‍ ഹാസന്‍. 80കളുടെ തുടക്കം തൊട്ട് അദ്ദേഹം തന്റെ ട്രാക്ക് മാറ്റി. അഭിനയത്തിന് പുറമെ തിരക്കഥ, സംവിധാനം തുടങ്ങി സകല മേഖലകളിലും തന്റെ കയ്യൊപ്പ് കമല്‍ ചാര്‍ത്തി. സിനിമയിലെത്തിയ കാലം മുതല്‍ക്കു തന്നെ സംവിധാനത്തിലും തിരക്കഥാരചനയിലുമായിരുന്നു കമലിന്റെ ശ്രദ്ധ. എന്നാല്‍ തന്റെ ഗുരുവായ കെ. ബാലചന്ദറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ആ സമയത്ത് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
80കള്‍ക്ക് ശേഷം തമിഴ് സിനിമയുടെ ഗതി മാറ്റുന്നതില്‍ കമല്‍ ഹാസന്‍ വഹിച്ച പങ്ക് ചെറുതല്ല. പല നൂതന സാങ്കേതിക വിദ്യകളും കമല്‍ ഇന്ത്യന്‍ സിനിമക്ക് പരിചയപ്പെടുത്തി. 40ഓളം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി, അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തു, 50നടുത്ത് ചിത്രങ്ങള്‍ നിര്‍മിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രഫര്‍, ഗാനരചയിതാവ്, ഗായകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങി കമല്‍ കൈവെക്കാത്ത മേഖല സിനിമയിലില്ല എന്ന് തന്നെ പറയാം.
കമല്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളെല്ലാം ഒരു സിനിമാപ്രേമിക്ക് പാഠപുസ്തകമാക്കാവുന്നതാണെന്ന് പറയാം. കമ്യൂണിസവും, മനുഷ്യത്വവും, നിരീശ്വരവാദവും മുതലാളിത്തവും എല്ലാം കൃത്യമായി വരച്ചിട്ട അന്‍പേ ശിവമായാലും, ഗാന്ധിസത്തെയും വിഭജനകാലത്തെയും കൃത്യമായി വരച്ചിട്ട ഹേ റാമായാലും അതിന് ഉദാഹരണമാണ്. ഹേ റാമില്‍ ഷാരൂഖും കമല്‍ ഹാസനും തമ്മിലുള്ള സംഭാഷണരംഗം 24 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ പ്രസക്തമാകുന്നു എന്ന് കാണുമ്പോള്‍ കമല്‍ ഹാസന്‍ എന്ന എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം നമുക്ക് മനസിലാകും.
ഹീറോയിക് ഗിമ്മിക്കുകള്‍ തീരെയില്ലാത്ത മഹാനദിയും കമലിന്റെ തിരക്കഥകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. സോനാഗച്ചിയില്‍ നിന്ന് തന്റെ മകളെ രക്ഷിക്കാന്‍ ചെല്ലുന്ന സീന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടനും ചെയ്തുഫലിപ്പിക്കാന്‍ കഴിയില്ല. ഇന്നും ആ ചിത്രം കാണുന്നവര്‍ക്ക് ഉള്ളില്‍ വീര്‍പ്പുമുട്ടലുണ്ടാകുമെന്ന് ഉറപ്പാണ്.
ഹ്യൂമര്‍ സീനുകള്‍ സൃഷ്ടിക്കുന്നതിലും കമല്‍ മറ്റ് എഴുത്തുകാരെക്കാള്‍ ബഹുദൂരം മുന്നിലാണ്. അവ്വൈ ഷണ്മുഖി, പഞ്ചതന്ത്രം, മൈക്കള്‍ മദന കാമരാജ്, അപൂര്‍വ സഹോദരങ്ങള്‍, തെനാലി, മുംബൈ എക്‌സ്പ്രസ്, കാതലാ കാതലാ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പലരുടെയും സ്‌ട്രെസ്ബസ്റ്ററാണ്.
ഓരോ സിനിമക്ക് വേണ്ടിയും കമല്‍ നടത്തുന്ന രൂപമാറ്റവും പലപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മൈക്കല്‍ മദന കാമരാജില്‍ ഒരേ ഗെറ്റപ്പില്‍ നാല് കഥാപാത്രങ്ങള്‍ വരുന്ന സീനില്‍ പോലും കമല്‍ എന്ന നടന്റെ വൈദഗ്ധ്യം കാണാന്‍ സാധിക്കും. അപൂര്‍വ സഹോദരങ്ങള്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തെ കമല്‍ എങ്ങനെ അവതരിപ്പിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
എന്തിനേറെ ദശാവതാരം എന്ന ചിത്രത്തില്‍ ഒറ്റ സീനില്‍ അഞ്ച് കഥാപാത്രങ്ങളെ കാണിക്കുന്ന സീന്‍ എങ്ങനെ ചിത്രീകരിച്ചു എന്ന കാര്യത്തില്‍ ഇന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കൊമേഷ്‌സ്യല്‍ സക്‌സസ് നോക്കി ഒരിക്കലും കമല്‍ സിനിമകള്‍ ചെയ്യാറില്ല എന്നതാണ് അയാളിലെ സിനിമാക്കാരനെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു ഘടകം. ഹേ റാം, അന്‍പേ ശിവം, ഉത്തമ വില്ലന്‍, ആളവന്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ അന്നത്തെ പ്രേക്ഷകര്‍ പരാജയപ്പെടുത്തിയതില്‍ കമല്‍ ഒരിക്കലും പരിഭവപ്പെട്ടിട്ടില്ല. താന്‍ നിര്‍മിച്ച വിക്രത്തില്‍ നിന്ന് കിട്ടിയ ലാഭം മുഴുവന്‍ വീണ്ടും സിനിമയിലേക്ക് തന്നെയാണ് അദ്ദേഹം നിക്ഷേപിച്ചത്.
കമല്‍ എന്ന നടന്റെയും സംവിധായകന്റെയും ഡ്രീം പ്രൊജക്ടായ മരുതനായകം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത് പറയാതെ അദ്ദേഹത്തിന്റെ കഥ പൂര്‍ണമാകില്ല. 27 വര്‍ഷം മുമ്പ് ചിത്രീകരിച്ച മരുതനായകത്തിന്റെ ചില ഭാഗങ്ങള്‍ ഇന്നിറങ്ങുന്ന വന്‍ ബജറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയെക്കാള്‍ എത്രയോ മടങ്ങ് വലുതാണ്. മരുതനായകം പൂര്‍ത്തിയാകാനാകാത്തത് കമല്‍ ഹാസന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ നഷ്ടമാണ്.
കമല്‍ ഹാസന്‍ എന്നത് വെറുമൊരു നടനായോ, ടെലിവിഷന്‍ അവതാരകനായോ മാത്രം ഭാവിയില്‍ അറിയപ്പെടേണ്ടയാളല്ല. സിനിമക്ക് വേണ്ടി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവെച്ച, വരുംതലമുറക്ക് വേണ്ടി പുതിയ സാങ്കേതികവിദ്യകള്‍ സിനിമക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഇതിഹാസം എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടേണ്ടത്. ഇന്ത്യന്‍ സിനിമയുടെ സകലകലാഹാസന്‍ എന്ന് സംശയമേതുമില്ലാതെ വിളിക്കാം.