ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം അക്രമാസക്തമാക്കിയതിനു പിന്നില്‍ പൊലീസ് ഗൂഢാലോചനയെന്ന സംശയമുയര്‍ത്തുന്ന വീഡിയോ പുറത്ത്. ഒരു പൊലീസുകാരന്‍ ഓട്ടോയ്ക്ക് തീവെയ്ക്കുന്ന ദൃശ്യങ്ങളുള്‍പ്പെട്ട വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പൊലീസിനെതിരെ ചോദ്യങ്ങളുമായി സമരാനുകൂലികള്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തിയിരിക്കുകയാണ്. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, അരവിന്ദ സ്വാമി തുടങ്ങി ഒട്ടേറെപ്പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
“എന്താണിതെന്ന് ഒന്ന് വിശദീകരിക്കാമോ” എന്ന കുറിപ്പിനൊപ്പമാണ് കമല്‍ഹാസന്‍ ഈ വീഡിയോ ട്വീറ്റു ചെയ്തിരിക്കുന്നത്.
മറീന ബീച്ചില്‍ നിന്നും അധികം അകലെയല്ലാത്ത മൈലാപൂരിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ജോര്‍ജ് അറിയിച്ചു. എന്നാല്‍ ഈ വീഡിയോ മോര്‍ഫു ചെയ്തതാണെന്ന വാദമാണ് ടി.കെ രാജേന്ദ്രന്‍ എന്ന മറ്റൊരു പൊലീസ് ഓഫീസര്‍ ഉയര്‍ത്തിയത്.
മറീന ബീച്ചില്‍ സമാധാനപരമായി പുരോഗമിച്ച ജല്ലിക്കെട്ട് അനുകൂല പ്രക്ഷോഭത്തെ അക്രമാസക്തമാക്കിയത് പൊലീസ് ആണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാരെ തിരയാനെന്ന പേരില്‍ എത്തിയ പൊലീസ് മറീന ബീച്ചിനു സമീപമുള്ള മത്സ്യമാര്‍ക്കറ്റ് തീവെച്ചു നശിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തിരച്ചിലിന്റെ പേരില്‍ ഈ പ്രദേശത്തെ വീടുകളിലെത്തിയ പൊലീസ് വാതിലുകളും മറ്റും തകര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
എന്നാല്‍ ജല്ലിക്കെട്ട് സമരത്തെ അക്രമാസക്തമാക്കിയത് സമരക്കാര്‍ക്കിടയിലേക്കു നുഴഞ്ഞുകയറിയ രാജ്യദ്രോഹികള്‍ ആണെന്നായിരുന്നു കഴിഞ്ഞദിവസം പൊലീസ് പറഞ്ഞത്. ഈ സാഹചര്യം ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസുകാര്‍ക്കുനേരെ കല്ലേറു നടന്നപ്പോഴാണ് ഫോഴ്‌സിനെ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ അവകാശവാദം.
സമരത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 94 പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും 51 പൊലീസ് വാഹനങ്ങള്‍ കത്തിയെരിയുകയും ചെയ്തിരുന്നു.