ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ തമിഴ്‌നാട് നിയുക്ത മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് ആശംസകളറിയിച്ചു. സ്റ്റാലിനും മകന്‍ ഉദയനിധിയും ചേര്‍ന്ന് കമല്‍ഹാസനെ സ്വീകരിച്ചു.
പ്രതിസന്ധിക്കാലത്ത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാവുന്ന സ്റ്റാലിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും കമല്‍ പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ സര്‍ക്കാര്‍ വെള്ളിയാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബുധനാഴ്ച ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതിനെ സന്ദര്‍ശിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും.
പാര്‍ട്ടി ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സ്റ്റാലിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ലളിതമായി നടത്താനാണ് ഡി.എം.കെ തീരുമാനം.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചെന്നൈയിലെ ‘അമ്മ’ ക്യാന്റീനുകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഡി.എം.കെ പ്രവര്‍ത്തകരെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ക്യാന്റീനില്‍ അതിക്രമിച്ചെത്തിയ ഡി.എം.കെ പ്രവര്‍ത്തകരില്‍ ചിലര്‍ ക്യാന്റീന്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയും മെസ്സിനുള്ളിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക